ആലപ്പുഴ: പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ പല മേഖലകളും താഴുന്നതായി റിപ്പോർട്ട്. 20 മുതൽ 30 സെന്റിമീറ്റർ താഴ്ന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കൈനകരി, മങ്കൊമ്പ് മേഖലകളിലാണ് ഭൂമി താഴുന്നതായി കണ്ടെത്തിയിട്ടുളളത്. 2018 ലെ പ്രളയത്തിന് ശേഷം ഏറെ നാൾ കുട്ടനാട്ടിലെ കരഭൂമിയിലും വയലിലും വെളളം കെട്ടിക്കിടന്നതാണ് ഭൂമി താഴാൻ കാരണം. കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം, കുട്ടനാട്ടിലെ എടത്വ, തലവടി തുടങ്ങിയ ഉയർന്ന സ്ഥലങ്ങളിൽ ഈ പ്രശ്നം നേരിടുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രളയക്കാലത്ത് കെട്ടികിടന്ന വെളളം ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങി അടിത്തട്ടിലെ മണ്ണിനെ കൂടുതൽ അടുപ്പിച്ചു. ഇതോടെയാണ് ഭൂനിരപ്പ് താഴ്ന്നു തുടങ്ങിയത്. ഇതുമൂലമാണ് സമീപ വർഷങ്ങളിൽ വേലിയേറ്റം വെള്ളക്കെട്ടായി മാറുന്നതെന്നും പഠനത്തിൽ പറയുന്നു. ബണ്ടുകൾക്ക് വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാം. നിലവിലുളളതിനേക്കാൾ 60 സെന്റീമീറ്റർ ഉയരത്തിൽ ബണ്ടുകൾ ഉയർത്തിയാൽ പ്രശ്നം പരിഹരിക്കാമെന്ന് ഡോ. കെ ജി പത്മകുമാർ പറഞ്ഞു.
പ്രളയത്തിന് ശേഷം കൊല്ലത്തെ തുരുത്തുകളും താഴുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, പട്ടംതുരുത്ത്, പെരിങ്ങാലം എന്നിവിടങ്ങളും അപകടകരമാംവിധം താഴുകയാണെന്നും പഠനത്തിൽ കണ്ടെത്തി. കായലിൽ ആവശ്യത്തിന് എക്കലില്ലാത്തതിനാലാണ് തുരുത്തുകൾ താഴുന്നത്. കല്ലടയാറ്റിൽ നിന്നുള്ള വെള്ളത്തിന്റെ വരവു കുറഞ്ഞതോടെ തുരുത്തിന് സമീപത്തെ വെള്ളത്തിൽ ഉപ്പുരസം വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments