കൊച്ചി: കൊച്ചി ഞാറക്കലിൽ 51കാരനെ ഊര് വിലക്കേർപ്പെടുത്തി നാട്ടുകാർ. ബാങ്ക് ജീവനക്കാരനായ രാജീവിനെയാണ് മഞ്ഞണക്കാട് ദ്വീപിലെ നാട്ടുകാർ വിലക്കിയത്.
വഴിക്ക് സ്ഥലം വിട്ടുനൽകാത്തതിലാണ് രാജീവിനെയും മകനെയും വിലക്കിയിരിക്കുന്നത്. വഴി തർക്കത്തിൽ ഒരു മാസമായി സ്വന്തം വീട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയിലാണ് രാജീവ്. പഞ്ചായത്ത് റോഡ് നിർമ്മിച്ചപ്പോൾ രാജീവും കുടുംബവും വിട്ടു നിന്നിരുന്നു. പൊലീസിൽ പരാതിപെട്ടിട്ടും ഇതുവരെയും നടപടിയായില്ല.
ദ്വീപിന് ഇപ്പുറം ബന്ധുവീട്ടില്‍ നിൽക്കുന്ന രാജീവിനും മകനുമുള്ള ഭക്ഷണം ഭാര്യയും മകളും ദ്വീപിന് അപ്പുറത്തുനിന്ന് വഞ്ചിയിലെത്തിത്തിക്കേണ്ട അവസ്ഥയാണ്. കഴിക്കാൻ ഭക്ഷണം പോലുമില്ലെന്നാണ് രാജീവിന്റെ ഭാര്യ പറയുന്നത്. ഉള്ളത് കഞ്ഞി വച്ച് ഭർത്താവിനും മകനും എത്തിക്കും. അത് കഴിഞ്ഞാൽ തനിക്കും മകൾക്കും ഒന്നുമില്ലെന്ന് ഇവർ പറയുന്നു.
പലചരക്ക് സാധനങ്ങൾ വീട്ടിലെത്തിക്കാൻ പറ്റുന്നില്ലെന്നും തല്ലുകൊള്ളുമെന്ന് ഭയന്നാണ് ഭർത്താവ് വീട്ടിലേക്ക് വരാത്തതെന്നും ഇവർ പറയുന്നു. അതേസമയം ഒരു സെന്റിലും താഴെ ഭൂമിയാണ് വഴിക്ക് വേണ്ടി വിട്ടുതരേണ്ടതെന്നും അത് പോലും തരാൻ തയ്യാറാകാത്തതിനാണ് ഊരിലെ മുഴുവൻ കുടുംബങ്ങളും ചേർന്ന് രാജീവ് ഗ്രാമത്തിൽ കേറേണ്ടെന്ന് തീരുമാനിച്ചതെന്നും നാട്ടുകാരും പറയുന്നു.
Post Your Comments