തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകുതിരി കത്തിച്ചതായി പരാതി. ഇതോടെ ക്ഷേത്രത്തിൽ സുരക്ഷാവീഴ്ചയെന്ന ആരോപണം ശക്തമാകുകയാണ്. തുലാഭാരമണ്ഡപത്തിലാണ് മെഴുകുതിരി കത്തിച്ചത്. ചെരാതിന്റെ മാതൃകയിലുള്ള മെഴുകുതിരിയാണ് കഴിഞ്ഞ ദിവസം കത്തിച്ചത്. ദർശനത്തിനെത്തിയവരിൽ ചിലർ മെഴുകുതിരി കത്തിച്ചെന്ന പരാതി ഉയർന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശം നൽകി.
ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ രാമചന്ദ്രമൂർത്തി എന്നയാളാണ് കഴിഞ്ഞ ദിവസത്തെ പൂജകൾ ബുക്ക് ചെയ്തിരുന്നത്. ഈ സംഘത്തിൽപ്പെട്ടവരാണ് മെഴുകുതിരി കത്തിച്ചതെന്നാണ് സംശയം. ക്രിസ്മസ് ദിനത്തിൽ ക്ഷേത്ര തന്ത്രിമഠത്തിൽ നിന്ന് അകത്തേക്ക് കൊണ്ടുവരുന്ന പൂജാദ്രവ്യങ്ങൾവരെ പരിശോധിക്കുന്ന ക്ഷേത്രത്തിൽ അജ്ഞാതർ മെഴുകുതിരി തെളിച്ചത് കനത്ത സുരക്ഷാവീഴ്ചയാണെന്ന് വിവിധ ഭക്തസംഘടനകൾ അഭിപ്രായപ്പെട്ടു. ഇതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
Post Your Comments