ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് ഫ്ളൈറ്റിലെത്തി മോഷണം നടത്തുന്ന തെലങ്കാന സ്വദേശി സംപതി ഉമാപ്രസാദ് പദ്ധതിയിട്ടത് ലോകത്തിലെ ഏറ്റവും വലിയ കള്ളൻ എന്ന പദവി. ലോകത്തിലെ ഏറ്റവും വലിയ നിധിയൊളിപ്പിച്ച തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കഥകൾ ഉമാപ്രസാദിനെ അത്രമയേറെ മോഹിപ്പിച്ചിരുന്നു. ഇവിടെ മോഷണം നടത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ കള്ളൻ എന്ന പദവി തനിക്കു ലഭിക്കുമെന്ന് ഇയാൾ കരുതി. അതിൻ്റെ ആദ്യ ഘട്ടം എന്ന നിലിയിലാണ് ഉമാപ്രസാദ് സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കിയതും മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതും.
2011ൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തെത്തിയതോടെ ലോകത്തിലെ എല്ലാ കവർച്ചക്കാരുടേയും ലക്ഷ്യമായി ക്ഷേത്രം മാറിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉമാപ്രസാദ് വ്യത്യസ്തനായിരുന്നു. കാത്തിരുന്ന് മോഷ്ടിക്കുക എന്ന രീതിയാണ് ഉമാപ്രസാദ് നടപ്പിലാക്കാൻ ഉദ്ദേശിച്ചത്. ക്ഷേത്രം കാണാനെത്തി ഇവിടെ താമസിച്ച് നഗരം കണ്ട് മോഷണവും നടത്തി തിരികെപ്പോയതും ആ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. എന്നാൽ അനന്തപുരിയിലെ ഓരോ മുക്കും മൂലയും ഉമപ്രസാദ് കണ്ടുവച്ച് തിരികെ പോയെങ്കിലും രണ്ടാം വരവിൽ പണിപാളുകയായിരുന്നു. വിമാനത്താവളത്തിൽ വച്ചുതന്നെ സംപതി ഉമാപ്രസാദ് പൊലീസ് പിടിയിലാകുകയും ചെയ്തു.
ചെറിയ മോഷണങ്ങളോട് താൽപര്യമില്ലാത്ത സംപതി തെലങ്കാനയിലെ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടിലാണ് ആദ്യ വലിയ മോഷണം നടത്തിയത്. ഒരു കിലോ സ്വർണമാണ് ഇവിടെ നിന്ന് ജനുവരിയിൽ മോഷ്ടിച്ചത്. ഈ കേസിൽ പോലീസിൻ്റെ പിടിയിലാകുകയായിരുന്നു. തുടർന്ന് ജയിലിലായി. ഈ സമയത്താണ് തിരുവനന്തപുരം പദ്മനാഭ സ്വാമീക്ഷേത്രത്തിലെ നിധി ശേഖരത്തെ കുറിച്ച് സംപതി കേൾക്കുന്നത്. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ സംപതിയുടെ മനസ്സിൽ പദ്മനാഭ സ്വാമീക്ഷേത്രം നിറഞ്ഞു നിന്നു. അങ്ങനെയാണ് സംപതി ഉമാപ്രസാദ് തിരുവനന്തപുരത്ത് എത്തുന്നതും.
ഒരുപാട് വലിയ ലക്ഷ്യങ്ങൾ മനസ്സിലുള്ള വ്യക്തിയായിരുന്നു ഉമാപ്രസാദ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ ഉമാപ്രസാദ് പാരമ്പര്യ കർഷക കുടുംബാംഗമാണ്. നിലവിൽ പ്രായം 23 മാത്രം. കുട്ടിക്കാലത്തുതന്നെ മോഷണത്തിനോട് പ്രത്യേക അഭിനിവേശം ഉമാപ്രസാദിന് തോന്നിത്തുടങ്ങിയിരുന്നു. പതിനാലാം വയസ്സിൽ മോഷണം നടത്തിയതിന് പൊലീസ് പിടിയിലായി. എന്നാൽ ജുവനൈൽ ഹോമിൽ നിന്നിറങ്ങി സുഹൃത്തുക്കളുമായി ചേർന്ന് വീണ്ടും മോഷണം തുടരുകയായിരുന്നു ഉമാപ്രസാദ്. നാൾക്കുനാൾ ഉമാപ്രസാദിനെതിരെയുള്ള കേസുകൾ വർദ്ധിച്ചുവന്നു. ഇതോടെ വിദ്യാർത്ഥിയായ ഉമാപ്രസാദിന്റെ സംരക്ഷണം പ്രദേശത്തെ പോലീസ് ഓഫീസർ ഏറ്റെടുക്കുകയായിരുന്നു.
സംപതിയെ സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ച് ഉയർത്തിവിടാനായിരുന്നു പൊലീസ് ഓഫീസറുടെ ആഗ്രഹം. അതിനായി സൈന്യത്തിൽ ചേരാനുള്ള പരിശീലനത്തിന് സംപതിയെ അയച്ചു. സംപതിക്കും സെെന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇതിനിടെ അഗ്‌നിവീർ പദ്ധതി പ്രഖ്യാപിച്ചു. ഇതോടെ തനിക്ക് ഇനി പട്ടാളക്കാരനാകാൻ കഴിയില്ലെന്ന് സംപതിക്ക് മനസ്സിലായി. ഇതോടെ പട്ടാളക്കാരനാകണമെന്ന ആഗ്രഹം ഉപേക്ഷിച്ച് ഇയാൾ നാടുവിട്ടു.
മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമടങ്ങുന്നതാണ് സംപതിയുടെ കുടുംബം. ഈ കുടുംബത്തെ ഉപേക്ഷിച്ച് മോഷണവും സഞ്ചാരവുമായി കൂട്ടുകാരോടൊപ്പം കൂടുകയായിരുന്നു ഇയാൾ. അതിനിടയിലാണ് എവറസ്റ്റ് കീഴടക്കണമെന്ന ആഗ്രഹം മനസ്സിൽ കയറിയത്. പർവതാരോഹണവും സാഹസികതയും ഇഷ്ടപ്പെട്ടിരുന്ന സംപതിയുടെ പിന്നെയുള്ള പ്രവർത്തനങ്ങൾ എവറസ്റ്റ് കീഴടക്കുന്നത് സംബന്ധിച്ചായി. ഇതിനുള്ള പണം കണ്ടെത്തുന്നതിനായാണ് വലിയ മോഷണങ്ങൾ നടത്താനാരംഭിച്ചത്.
Post Your Comments