ന്യൂഡല്‍ഹി: പലിശയും പിഴയും ചേര്‍ത്ത് സേവന നികുതിയിനത്തില്‍ വിജയ് മല്യ അടയ്ക്കാനുള്ള 812 കോടി രൂപ തിരിച്ചു പിടിയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി ഇന്ത്യയിലെ മല്യയുടെ ആസ്തികള്‍ സര്‍ക്കാര്‍ ലേലം ചെയ്യാനൊരുങ്ങുന്നു. 812 കോടിയില്‍ 32 കോടി കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്.
മല്യയുടെ സ്വകാര്യ എയര്‍ബസ് എസിജെ 319 വിമാനവും അഞ്ച് ചെറിയ എടിആര്‍ വിമാനങ്ങളും മൂന്നു ഹെലികോപ്റ്ററുകളും ലേലത്തില്‍ വച്ച് തുക തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിമാനങ്ങള്‍ സേവനനികുതി വിഭാഗം ഏറ്റെടുത്തു. ലേലനടപടികളുമായി മുന്നോട്ടുപോകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലേലത്തുക സര്‍ക്കാര്‍ കമ്പനിയായ എംഎസ്ടിസി തീരുമാനിക്കും. മേയ് 15-16 തീയതികളിലായിരിക്കും ലേലം. അതേസമയം, മല്യയുടെ സ്വകാര്യ വിമാനം പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. ഈ വിമാനത്തിന് അവകാശമുന്നയിച്ച് ആരും അധികാരികളെയോ കോടതിയെയോ സമീപിച്ചിട്ടില്ല.
സേവനനികുതി അടയ്ക്കാത്തതിനാല്‍ മല്യയെ അറസ്റ്റ് ചെയ്യണമെന്ന് നികുതി വിഭാഗം കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും 50 ലക്ഷം രൂപ വ്യക്തിഗത ബോണ്ട് കെട്ടിവച്ച് മല്യ അറസ്റ്റൊഴിവാക്കി. മല്യ രാജ്യം വിടാന്‍ സാധ്യതയുളളതിനാല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നികുതിവിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍, ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാകാമെന്ന് വിജയ് മല്യ അറിയിച്ചതിനെ തുടര്‍ന്ന് കോടതി മല്യയ്ക്ക് ഇളവനുവതിച്ചു. നികുതി വകുപ്പ് ബോംബെ ഹൈക്കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കേസ് ഇതുവരെ പരിഗണിച്ചിട്ടില്ല.
Post Your Comments