KeralaLatest News

പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് സർവകലാശാല: ഒത്തുകളിയെന്ന് ആരോപണം

കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്ത് വിടാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാല. വിഷയം കോടതിയുടെ പരിഗണനയിൽ നിൽക്കുന്നതിനാൽ വീഡിയോ ഇപ്പോൾ പുറത്തു വിടാനാകില്ലെന്നാണ് സർവകലാശാല വാദം. ഒത്തുകളി പുറത്താകുമോ എന്ന ഭയത്തിൽ സർവ്വകലാശാല ഒഴിഞ്ഞുമാറുകയാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവും വിമർശിച്ചു.

റിസർച്ച് സ്കോറ് 651 ഉള്ള ജോസഫ് സ്കറിയയെ തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്കോറായ 156 മാത്രമുളള പ്രിയ വർഗ്ഗീസിനായിരുന്നു മലയാളം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ കണ്ണൂർ സർവ്വകലാശാല ഒന്നാം റാങ്ക് നൽകിയത്. നിയമനം ലഭിക്കാൻ യൂജിസി നിഷ്കർഷിക്കുന്ന അടിസ്ഥാന അധ്യാപന പരിചയം പോലും പ്രിയയ്ക്കില്ലെന്ന ആക്ഷേപം നിലനിൽക്കെയായിരുന്നു അതൊന്നും പരിശോധിക്കാതെയുള്ള യൂണിവേഴ്സിറ്റി നീക്കം.

ഇത് വൻ വിവാദമായപ്പോൾ കഴിഞ്ഞ ആഗസ്ത് പതിനഞ്ചിന് പ്രിയ വർഗീസ് തന്റെ നിയമനത്തെ ന്യായീകിരിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി. റിസർച്ച് സ്കോറല്ല മാനദണ്ഡമെന്നും ഇന്റർവ്യൂവിൽ തന്റെ പ്രകടനം മികച്ചതായിരുന്നുവെന്നുമായിരുന്നു പ്രിയയുടെ അവകാശവാദം. അത് തെളിയിക്കാൻ വിവരാവകാശപ്രകാരം ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ കിട്ടുമെന്നും അത് ടെലികാസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളോടുള്ള പ്രിയയുടെ വെല്ലുവിളി. പിന്നീട് വൈസ് ചാൻസിലറെ കണ്ടപ്പോഴും റെക്കോർഡ് ചെയ്ത ഇന്റർവ്യൂ പുറത്തുവിടുന്നതിൽ സർവ്വകലാശാലയ്ക്ക് ഒരു തടസവും ഇല്ലെന്നായിരുന്നു മറുപടി.

എന്നാൽ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്ട്രാർ തന്ന മറുപടി കോടതി പരിഗണനയിലുള്ളതിനാൽ വീഡിയോ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നായിരുന്നു. ഒരു വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളത്കൊണ്ട് മാത്രം വിവരം തടഞ്ഞുവയ്ക്കാനാകില്ലെന്നാണ് നിയമരംഗത്തെ വിദഗ്ധർ പറയുന്നത്. വൈസ് ചാൻസിലർ ഇപ്പോൾ ഒഴിഞ്ഞുമാറുന്നത് ഒത്തുകളി പുറത്താകുമോ എന്ന ഭയം കൊണ്ടാണെന്ന് സെനറ്റ് അംഗം ഡോ. ആർ.കെ ബിജു വിമർശിച്ചു. നിലവിൽ പ്രിയ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി മരവിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button