Latest NewsKeralaNews

കടുവയെ നിരീക്ഷിക്കാന്‍ ലൈവ് സ്ട്രീമിങ് ക്യാമറകള്‍ സ്ഥാപിക്കും

വയനാട്: കടുവ ഭീഷണി നിലനില്‍ക്കുന്ന ചീരാല്‍ പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി 5 ലൈവ് സ്ട്രീമിങ് ക്യാമറകള്‍ സ്ഥാപിക്കും. നിലവില്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള 28 സാധാരണ ക്യാമറകള്‍ക്ക് പുറമെയാണ് ലൈവ് സ്ട്രീമിങ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. അതോടൊപ്പം ഈ മേഖലയില്‍ കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ചിട്ടുള്ള കൂടുകളുടെ എണ്ണംകൂട്ടാനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ്, പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി സുല്‍ത്താന്‍ ബത്തേരി ഗജ ഐ.ബിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ കടുവകള്‍ പകല്‍ സമയം വസിക്കുന്ന ഇടങ്ങള്‍ നീരിക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. കടുവ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ രാത്രി പട്രോളിങ് ശക്തമാക്കും. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.

കടുവയുടെ ആക്രമണത്തില്‍ ഇരയായ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കും. ലഭ്യമാകുന്ന അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി.

കര്‍ഷകര്‍ തൊഴുത്തുകള്‍ അടച്ചുറപ്പുള്ളതാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. വനമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകര്‍ക്ക് തൊഴുത്ത് അടച്ചുറപ്പുള്ളതാക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നത് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കൂടിയാലോചന നടത്തും.

എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, തഹസില്‍ദാര്‍ വി.കെ ഷാജി, സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി അബ്ദുള്‍ ഷറീഫ്, അസിസ്റ്റന്റ് കണ്‍സര്‍വേറ്റീവ് ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എസ്. രഞ്ജിത് കുമാര്‍, മുത്തങ്ങ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി സുനില്‍ കുമാര്‍, പി.കെ ജോസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button