KeralaLatest News

ഫസല്‍ വധക്കേസ്: കാരായി രാജന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസ് പ്രതി സിപിഐഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ തിങ്കളാഴ്ച്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബര്‍ ഒമ്പതിന് പരിഗണിക്കും.ഫസല്‍ വധക്കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതോടെ 2021 നവംബറിലാണ് കാരായി രാജനും ചന്ദ്രശേഖരനും തലശേരിയിലേക്ക് മടങ്ങിയെത്തിയത്.

എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രവിതരണക്കാരനുമായ ഫസല്‍ 2006 ഒക്ടോബര്‍ 22ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപമുള്ള ജെ ടി റോഡിലെ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് കൊല്ലപ്പെട്ടത്. സിപിഐഎം അംഗമായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള വിരോധം കാരണം സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ഫസല്‍ വധക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് 2012 മെയ് 22 നാണ് കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സിബിഐ എറണാകുളം മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയത്. ഒന്നര വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം 2013 നവംബര്‍ എട്ടിനാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ എറണാകുളം ജില്ല വിട്ടു പോകരുതെന്ന നിബന്ധനയെ തുടര്‍ന്ന് ഇരുവരും ഇരുമ്പനത്തായിരുന്നു താമസം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കുടുംബത്തിലെ വിവാഹം, മരണം തുടങ്ങിയവയില്‍ പങ്കുചേരാന്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ ഇവര്‍ ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button