പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിര്‍ത്തിയ ബിഹാര്‍ സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ച കേസില്‍ ഡോക്ടറും ഭാര്യയും അറസ്റ്റില്‍. കോഴിക്കോട് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേൽപ്പിക്കൽ, തടങ്കലിൽവെക്കൽ, കുട്ടിക്കടത്ത് എന്നിവയ്ക്കാണ് കേസെടുത്തത്.
ഡോക്ടര്‍ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പോലീസിനും മൊഴി നല്കി. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇരുവരുടെയും ഫ്ലാറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. അമ്മ മരിച്ചുപോയ പെണ്‍കുട്ടി കഴിഞ്ഞ മേയ് മാസത്തിലാണ് ഡോക്ടറുടെ വീട്ടിലെത്തുന്നത്.
Post Your Comments