Latest NewsKerala

ചുമട്ടു തൊഴിലാളികളുടെ രക്തമാണ് എന്റെ സിരകളിലോടുന്നത്: ആർഎസ്എസ് ആക്രമണം ഓർത്തെടുത്ത് ജയരാജൻ

കണ്ണൂർ: ആർഎസ്എസ് ആക്രമണത്തില്‍ പരുക്കേറ്റ എനിക്ക് രക്തം നല്‍കിയത് എറണാകുളത്തെ ചുമട്ട് തൊഴിലാളികളെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1999ൽ ഉണ്ടായ ആക്രമത്തെക്കുറിച്ച് ഓർത്തെടുത്ത ജയരാജൻ ആ തൊഴിലാളികളുടെ രക്തമാണ് തന്റെ ശരീരത്തിലുളളത് എന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

ജയരാജന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങൾ മരണാനന്തരം എന്തുചെയ്യണം
എന്നത് നമ്മളിൽ ഭൂരിപക്ഷവും ആലോചിക്കാത്ത കാര്യമാണ്. നമ്മുടെ മരണം നാം ആലോചിക്കാനിഷ്ടപ്പെടാത്തതു കൊണ്ടാകാം. പക്ഷേ മരണം സുനിശ്ചിതമായ യാഥാർത്ഥ്യമാണ്. മരണശേഷം നമ്മുടെ ശരീരം കൊണ്ട് മനുഷ്യരാശിക്ക് നൽകാനാവുന്ന ഏറ്റവും വലിയൊരു പ്രയോജനമുണ്ട്. അതാണ് അവയവദാനം.നാളെ അന്താരാഷ്ട്ര അവയവദാന ദിനമാണ്.( ഓഗസ്റ്റ് 13)
ലോകത്തൊട്ടാകെ മൂന്നരക്കോടി അന്ധരുണ്ട് എന്നാണ് കണക്കുകൾ.

നാം വേദനയോടെ തിരിച്ചറിയേണ്ടത് അതിൽ ഒന്നരക്കോടിയോളം നമ്മുടെ രാജ്യത്തിലാണ് എന്നതാണ്. അതിൽ മൂന്നിലൊന്നും കുട്ടികളാണ് എന്നതാണ് ഇതിലും വേദനാജനകമായ വസ്തുത.തനിക്കു മുന്നിലുള്ള ലോകം ഒരിക്കൽപ്പോലും കാണാനാവാത്ത ലക്ഷക്കണക്കിനു കുട്ടികളുടെ കൂടി രാജ്യമാണ് ഇന്ത്യ.ആധുനിക വൈദ്യശാസ്ത്രം പറയുന്നത് പ്രകാരം ഇതിൽ എഴുപതു ശതമാനം പേർക്കും കാഴ്ച്ച നൽകാൻ നമുക്കു കഴിയും എന്നാണ്. ഒറ്റ പ്രതിബന്ധമേയുള്ളൂ, വേണ്ടത്ര കണ്ണുകൾ വേണം.

130 കോടിയിൽപ്പരം ജനസംഖ്യയുള്ള രാജ്യമായിട്ടു പോലും നമുക്ക് വേണ്ടത്ര നേത്രാവയവദാതാക്കളെ ഇന്നും കണ്ടെത്താനാവുന്നില്ല. മറ്റൊരു ജീവിതത്തിന് പ്രകാശം നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള കണ്ണുകൾ ആർക്കും ഉപയോഗമില്ലാത്ത വിധം മരണശേഷം നശിപ്പിക്കുന്നു.
കണ്ണ് മാത്രമല്ല. കരൾ, ഹൃദയം, വൃക്ക തുടങ്ങി മുപ്പതോളം അവയവങ്ങൾ നമുക്ക് ദാനം ചെയ്യാൻ ഇന്ന് കഴിയും. നമ്മളില്ലാതായിക്കഴിഞ്ഞും ആരുടെയൊക്കെയോ മനുഷ്യജീവിതത്തിന് നമ്മുടെ അവയവങ്ങൾ ജീവൻ നൽകും. നാം തയ്യാറുണ്ടോ എന്നതു മാത്രമാണ് ചോദ്യം .

പതിനെട്ട് വയസ്സിനു മേൽ പ്രായമുള്ള ആർക്കും ഇത് സ്വമേധയയാ ചെയ്യാം. 18 വയസ്സുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ സമ്മതം അനിവാര്യമാണ്.കേരള സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയാണ് ഇവിടെ അവയവദാനത്തിന് ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിൽ സാധാരണക്കാരന് താങ്ങാൻ പറ്റാത്ത നിരക്കാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്നത്.അതുകൊണ്ട് തന്നെ പലർക്കും ഇത് അപ്രാപ്യമായ ഒന്നാണ്.

ഇന്ന് കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ ഏതാണ്ട് അഞ്ഞൂറ് കോടി ചിലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അവയവമാറ്റ ശസ്ത്രക്രിയ ഹോസ്പിറ്റൽ കോഴിക്കോട് വരും വർഷങ്ങളിൽ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇത് യാഥാർഥ്യമായാൽ രാജ്യത്തെ ആദ്യത്തെ അത്തരത്തിലുള്ള ആശുപത്രിയാകും അത്.
അവയവ ദാനം പോലെ തന്നെ മഹത്തരമാണ് രക്ത ദാനവും.1999 ലെ തിരുവോണ നാളിൽ എനിക്ക് നേരെ ഉണ്ടായ സംഘപരിവാർ ആക്രമണത്തിൽ മാരകമായ പരിക്ക് പറ്റിയ സമയത്ത് എറണാകുളത്തെ ചുമട്ടു തൊഴിലാളികളാണ് എനിക്ക് രക്തം നൽകാനായി മുന്നോട്ട് വന്നത്.

അവരുടെ രക്തമാണ് എന്റെ ശരീരത്തിലുള്ളത് എന്നത് ഇന്നും ഞാൻ അഭിമാനത്തോടെ ഓർക്കുന്നു.
കൂടപ്പിറപ്പിന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ വൃക്ക നല്‍കിയ കേരളത്തിലെ ആദ്യ വൃക്കദാതാവ് നാരായണി തന്റെ നൂറ്റി രണ്ടാം വയസിൽ ഈയിടെ അന്തരിച്ചത് വാർത്ത ആയിരുന്നു. അവരെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. അവയവം മാറ്റിവയ്ക്കലും അവയവദാനവുമൊന്നും പരിചിതമല്ലാത്ത കാലത്താണ് നാരായണി തന്റെ വൃക്ക സഹോദരന് ദാനം ചെയ്തത്. കണ്ണൂര്‍ ഗവ. ഐടിഐയില്‍ ഇന്‍സ്ട്രക്ടറായിരുന്ന പി.പി. കുഞ്ഞിക്കണ്ണന് വേണ്ടിയാണ് സഹോദരിയായ നാരായണി വൃക്ക നല്‍കിയത്.

സരളമായ പ്രക്രിയയല്ല അവയവങ്ങൾ ദാനം ചെയ്യലും സ്വീകരിക്കലും .തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമാണ് ഉറ്റവരുടെ മരണം. അവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനമെടുക്കേണ്ടതും ആ നിമിഷമാണ്. തികച്ചും അപരിചിതനായ ഒരാൾക്ക് വേണ്ടി , മരണത്തിലും മറ്റൊരാൾക്ക് ജീവിതം നൽകാമെന്ന തീരുമാനത്തേക്കാൾ മഹത്തരമായി മറ്റെന്താണ് നമുക്ക് ചെയ്യാനാവുക? മരണത്തിന് മുകളിൽ ജീവിതത്തിനുള്ള വിജയം തന്നെയാണ് അവയവ ദാനം .

ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മുകളിൽ മനുഷ്യജീവിതത്തെ നമ്മൾ വിലമതിക്കുന്നു എങ്കിൽ നമുക്ക് അവയവദാനത്തെ പ്രോൽസാഹിപ്പിക്കാതിരിക്കാനാവില്ല. അന്യന്റെ രക്തം സ്വീകരിക്കാത്ത മനോഭാവം ഇന്ന് മാറി.ജാതി-മതാതീതമായി രക്തവും അവയവും സ്വീകരിക്കുന്നു. അവയവദാനത്തെയും രക്തദാനത്തെയും എല്ലാവരും ആത്മാർത്ഥതയോടെ ഏറ്റെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button