റിയാദ്: ഉംറ വിസയിൽ വരുന്നവർക്ക് ഏത് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഏത് രാജ്യാന്തര, പ്രാദേശിക വിമാനത്തവളങ്ങൾ വഴി പ്രവേശിക്കുവാനും തിരിച്ച് പോകുവാനും വിദേശികൾക്ക് അനുവാദമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഉംറ വിസകളിൽ രാജ്യത്ത് എത്തുന്നവർ ജിദ്ദ, മദീന വിമാനത്താവളങ്ങളിലൂടെ മാത്രം പ്രവേശിക്കാനായിരുന്നു നേരത്തെ അനുമതി ഉണ്ടായിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റം ഉണ്ടായിട്ടുള്ളത്.
അതേസമയം, കോവിഡ് വാക്സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനും ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. കോവിഡ് രോഗബാധിതനായിരിക്കരുത്, കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയാകരുത് എന്നിവയാണ് നിബന്ധനകൾ.
നിബന്ധനകൾ പാലിച്ച് കൊണ്ട് Eatmarna ആപ്പിലൂടെ ഗ്രാൻഡ് മോസ്‌കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം ലഭിക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനുമുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
Post Your Comments