കോഴിക്കോട്: ചിൽഡ്രൻസ് ഹോമിലെ പോക്സോ കേസിലെ ഇരകളായ പെൺകുട്ടികളെ വീണ്ടും കാണാതായി. കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളെയാണ് കാണാതായത്. വ്യാഴാഴ്ച്ച പുലർച്ചെയോടെയാണ് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികൾ ഓടിപ്പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെയും വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികളെ കാണാതായിട്ടുണ്ട്. ജനുവരിയിൽ ആറ് പേരെയാണ് ഇവിടെ നിന്നും കാണാതായത്. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ നാല് പേരെ മലപ്പുറത്ത് നിന്നും ഒരാളെ മൈസൂരുവിൽ നിന്നും വേറൊരാളെ ബെംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്.
കുട്ടികളെ കാണാതാകുന്നത് സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. ഇത് പരിഹരിച്ച് വരുന്നതിനിടെയാണ് വീണ്ടും രണ്ട് കുട്ടികളെ കാണാതായിരിക്കുന്നത്.
Post Your Comments