മുൻ മന്ത്രി എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ വ്യക്തമായ നിലപാട് രേഖപ്പെടുത്തി എം.എൽ.എ കെ.കെ രമ. തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണ് പല നേതാക്കന്‍മാരുടെ ഭാഗത്തുനിന്നും നമ്മള്‍ കാലാകാലങ്ങളായി സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന് രമ പറയുന്നു. സ്പീക്കറുടെ റൂളിങ് ശരിയായിരുന്നുവെന്നും, പക്ഷെ മാപ്പ് കൊണ്ട് തീരുന്നതല്ല ഈ വിഷയമെന്നും അവർ പറയുന്നു. മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമ.
വിധവ എന്ന വാക്ക് ഉപേക്ഷിക്കണമെന്നും രമ പറയുന്നു. ഒരു സ്ത്രീയും വിധവയായി മുദ്രകുത്തപ്പെടരുത്, ആണുങ്ങള്‍ ഒരിക്കലും മറ്റൊരു പ്രയോഗത്തില്‍ അറിയപ്പെടുന്നേ ഇല്ല. ഒരു സ്ത്രീക്ക് ജീവിതത്തില്‍ സംഭവിക്കുന്ന ആഘാതമാണെന്നും, അത് അവർ വരുത്തിവെയ്ക്കുന്നതല്ലെന്നും രമ ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു പ്രയാസത്തിനെ മറ്റൊരുപേരുകൊണ്ട് മുദ്രകുത്തപ്പെടുന്ന രാഷ്ട്രീയത്തെ കൂടി നമ്മള്‍ എതിര്‍ക്കണമെന്നും രമ ആവശ്യപ്പെടുന്നു.
‘ഇടതുപക്ഷം ഒരു സ്ത്രീപക്ഷ രാഷ്ട്രീയവും ഒരിക്കലും ഉയര്‍ത്തിപ്പിടിക്കുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പടെ എംഎം മണിയുടെ പരാമര്‍ശത്തെ എതിര്‍ക്കുന്നില്ല എന്ന് പറയുമ്പോള്‍ ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. നമുക്ക് മാതൃകായാക്കാവുന്ന ഒരുവലിയ നേതാവാണ് ആനി രാജ. കാരണം തന്റെ പാര്‍ട്ടി എന്ത് നിലപാട് എടുക്കുന്നു എന്ന് അവര്‍ നോക്കിയില്ല. ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പക അവരുടെ ഉള്ളില്‍ ഉള്ളതുകൊണ്ടാണ് രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാതെ ഇത്തരം പരാമര്‍ശങ്ങളിലേക്കും പ്രസ്താവനകളിലേക്കും അവര്‍ പോകുന്നത്’, രമ പറഞ്ഞു.
Post Your Comments