ന്യൂഡൽഹി : ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ രാജ്യത്ത് ആദ്യമായി ഗോത്രവര്‍ഗ വിഭാഗത്തിൽ നിന്ന് പ്രഥമ വനിതാപദത്തിനരുകിൽ എത്തിയിരിക്കുകയാണ് ദ്രൗപതി മുര്‍മു. ഏകദേശം ഇരുപതോളം പേരുകൾ പരിഗണിച്ചതിൽ നിന്നാണ് ആദിവാസി, സ്ത്രീ എന്ന നിലയിൽ ഗോത്രവര്‍ഗ വിഭാഗമായ സന്താള്‍ കുടുംബത്തില്‍ പെട്ട ദ്രൗപതി മുര്‍മുവിന്റെ പേര് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിൽ എത്തുന്നത്.
2015 മെയ് 18 മുതൽ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണറായ ദ്രൗപദി മുർമു 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ജനിച്ചു. 2000 മുതൽ 2004വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയായ ഇവർ ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ ഗവർണ്ണറും കൂടിയാണ്. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു.
അദ്ധ്യാപികയായിരുന്ന ദ്രൗപതി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജിൽ നിന്നാണ് ബിരുദം നേടുന്നത്. കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതത്തിനു തുടക്കം. ഒരു ചരിത്രപരമായ തീരുമാനമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ബിജെപി രാത്രി തന്നെ ദ്രൗപതി മുര്‍മുവിന്റെ പേര് സ്ഥാനാർത്ഥിത്വത്തിലേക്ക് സ്ഥിരീകരിക്കുകയായിരുന്നു.
2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു. ശ്യാം ചരൺ മുർമ്മു ആണ് ഭർത്താവ്. ഇരുവര്‍ക്കും രണ്ട് ആണ്മക്കളും ഒരു മകളും ഉണ്ട്. ഭർത്താവ് ശ്യാം ചരൺ മുർമുവും രണ്ട് ആൺമക്കളും മരിച്ചത് മുർമുവിന്റെ സ്വകാര്യ ദുഖങ്ങളിൽ ഏറ്റവും വലുതാണ്.
Post Your Comments