ഉത്തർപ്രദേശ്: ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ തലവൻ ഒസാമ ബിൻ ലാദന്റെ ചിത്രം സർക്കാർ ഓഫീസിൽ തൂക്കിയിട്ട ജീവനക്കാരനെതിരെ നടപടി. ഉത്തർപ്രദേശിലെ സർക്കാർ വൈദ്യുതി വിതരണ കമ്പനിയുടെ ഓഫീസിൽ ആണ് ബിൻ ലാദന്റെ ചിത്രം പതിപ്പിച്ചത്. ‘ഒസാമ ബിൻ ലാദൻ, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയർ എഞ്ചിനീയർ’ എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ സൗത്ത് വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ (വിവിഎൻഎൽ) സബ് ഡിവിഷണൽ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
സർക്കാർ ഓഫീസിന്റെ ചുമരിൽ ഗൗതം ലാദന്റെ ചിത്രം തൂക്കിയിടുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ചൂടേറിയ വാദപ്രതിവാദം നടന്നു. ഇക്കാര്യം കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ രവീന്ദ്ര പ്രകാശ് ഗൗതമിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഫോട്ടോയും നീക്കം ചെയ്തു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഗൗതമിനെ സസ്പെൻഡ് ചെയ്തുവെന്നും, കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടെന്നും ഫറൂഖാബാദ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ സിംഗ് പറഞ്ഞു.
Also Read:എൻഇഎഫ്ടി: പുതിയ സൗകര്യം പോസ്റ്റ് ഓഫീസിൽ ആരംഭിച്ചു
അതേസമയം, തനിക്കെതിരായ നടപടിയിൽ പ്രതികരിച്ച് ഗൗതം രംഗത്തെത്തി. ആർക്കും തന്റെ റോൾ മോഡലാകാമെന്നും, ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർ ഒസാമയായിരുന്നുവെന്നും ഗൗതം അവകാശപ്പെട്ടു. ഒരു ചിത്രം നീക്കം ചെയ്‌താൽ, തന്റെ പക്കൽ കൂടുതൽ ചിത്രങ്ങളുണ്ടെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ബിൻ ലാദന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും നിഗൂഢതകൾ നിറഞ്ഞതാണ്. സൗദി അറേബ്യയിലെ കിംഗ് അസീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയെന്നും, സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമുണ്ടായിരുന്നുവെന്നും ഒന്നിലധികം മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്. ലാദൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു പ്രത്യേക കോഴ്‌സിൽ ചേർന്നതായി ഗൗതം വാദിക്കുന്നു.
Post Your Comments