ന്യൂഡൽഹി: ഇതിഹാസ ഹിന്ദു രജപുത്ര രാജാവിന്റെ വീരകഥയായ ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന തന്റെ വരാനിരിക്കുന്ന സിനിമയെ കുറിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകുന്നു. ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് കാര്യമായൊന്നും പരാമർശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് 2-3 വരികൾ മാത്രമേയുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യയെ ആക്രമിച്ച ആക്രമണകാരികളെക്കുറിച്ച് ധാരാളം കാര്യങ്ങൾ പരാമർശിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി.
‘എനിക്ക് സാമ്രാട്ട് പൃഥ്വിരാജ് ചൗഹാനെ കുറിച്ച് കൂടുതൽ അറിയണം. അദ്ദേഹത്തിൽ നിന്ന് (സംവിധായകൻ ചന്ദ്രപ്രകാശ് ദ്വിവേദി) ഒരുപാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ നിർഭാഗ്യവശാൽ, നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ അദ്ദേഹത്തെ കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. അധിനിവേശക്കാരെ കുറിച്ച് ധാരാളം വിശദാംശങ്ങൾ നമ്മുടെ പാഠപുസ്‌തകങ്ങളിലുണ്ട്. പക്ഷേ, നമ്മുടെ സംസ്കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെക്കുറിച്ചും മാത്രം പരാമർശമില്ല’, അക്ഷയ് കുമാർ ചൂണ്ടിക്കാട്ടി. എ.എൻ.ഐയുടെ സ്മിത പ്രകാശുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:കേരളത്തിലെ വാഹനപ്പെരുപ്പം റോഡുകള്‍ക്ക് താങ്ങാനാകുന്നില്ല, റിപ്പോര്‍ട്ട്
എന്തുകൊണ്ടാണ് തദ്ദേശീയരായ രാജാക്കന്മാർക്ക് ചരിത്ര പുസ്തകങ്ങളിൽ വേണ്ട അർഹത ലഭിക്കാത്തതെന്ന അവതാരകയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ‘നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ ഇതിനെക്കുറിച്ച് എഴുതാൻ ആരുമില്ല. ഈ വിഷയം പരിശോധിച്ച് നമുക്ക് സമതുലിതമാക്കാൻ കഴിയുമോ എന്ന് നോക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുഗളന്മാരെക്കുറിച്ച് നമ്മൾ അറിയണം, പക്ഷേ നമ്മുടെ രാജാക്കന്മാരെ കുറിച്ചും അറിയണം. അവരും മികച്ചവരായിരുന്നു’.
ഹിന്ദു ദേശീയതയെ കുറിച്ച് മാത്രമല്ല, സാംസ്കാരിക ദേശീയതയെയും കുറിച്ചാണ് തന്റെ സിനിമ സംസാരിക്കുന്നതെന്ന് സംവിധായകൻ ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു. സാംസ്കാരിക ദേശീയത പുനരുജ്ജീവിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിങ്ങൾ ഹിന്ദു ദേശീയത എന്ന പദം ഉപയോഗിച്ചു. ഞാൻ അതിനെ സാംസ്കാരിക ദേശീയത എന്നും വിളിക്കും. ഹിന്ദു ദേശീയത / സാംസ്കാരിക ദേശീയത പുനരുജ്ജീവിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, ഈ രാജ്യത്തിന്റെ സ്വഭാവം ഹിന്ദുവാണ്, ഞാൻ ഹിന്ദു എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം സംസ്കാരമാണ്’, ദ്വിവേദി പറഞ്ഞു.
Post Your Comments