തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആവേശത്തോടെയെത്തിയ പൂരപ്രേമികള്‍ പൂരം കണ്ടെങ്കിലും, പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ മടങ്ങിയത്. മഴ അപ്രതീക്ഷിതമായി എത്തിയതാണ് വെടിക്കെട്ട് നീണ്ടുപോകാന്‍ കാരണമായത്. ഇതോടെ, അത്യുഗ്ര പ്രഹരശേഷിയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിക്കുകയെന്നത് ജില്ലാ ഭരണകൂടത്തിനും പൊലീസിനും തലവേദനയായി മാറിയിരിക്കുകയാണ്.
നിർവീര്യമാക്കാൻ സാധിക്കാത്തവയാണ് ഇവയിൽ ഭൂരിഭാഗവും. അധികനാള്‍ സൂക്ഷിക്കാന്‍ സാധിക്കാത്തവയും തണുപ്പും ചൂടും അധികം ഏല്ക്കാന് പാടില്ലാത്തവയുമാണ് വെടിക്കോപ്പുകളില്‍ ഭൂരിഭാഗവും. വെടിക്കോപ്പുപുരയില്‍ അധികനാള്‍ ഇവ സൂക്ഷിച്ചു വയ്ക്കാന്‍ പാടില്ലെന്ന് അധികൃതരും പറയുന്നു. മഴ മാറി കാലവസ്ഥ അനുയോജ്യമായാല്‍ അടുത്ത ദിവസം തന്നെ വെടിക്കെട്ട് നടത്തും. മഴ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കുന്നതിനെ പറ്റി തീരുമാനിക്കും.
കാക്കനാട്ടെ നാഷ്ണല്‍ ആംസ് ഫാക്ടറിയില്‍ ഇവ പൊട്ടിച്ച് നശിപ്പിക്കുന്നതിന് സംവിധാനമുണ്ട്. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ ഇവിടെ നിന്ന് മാറ്റാന്‍ പെസോ (പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സെഫ്റ്റി ഓര്ഗനൈസേഷന്) അനുമതി നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് പെസോ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. വെടിക്കെട്ട് നടക്കുന്ന സമത്ത് മാത്രമാണ് ഇതില്‍ വെടിക്കോപ്പുകള്‍ സൂക്ഷിക്കുക. ഈ സമയങ്ങളില്‍ പുരകളുടെ താക്കോല്‍ ആര്‍ഡിഒയുടെ കൈവശമാണ് സൂക്ഷിക്കുക.
വെടിക്കോപ്പുകളുള്ള സമയങ്ങളില്‍ പൊലീസ് സുരക്ഷയും ശക്തമായിരിക്കും. മഴയെ തുടര്‍ന്ന്, മുമ്പും ഇത്തരത്തില്‍ വെടിക്കെട്ട് മാറ്റിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മൂന്ന് തവണ മാറ്റി വയ്ക്കുന്നത്. വെടിക്കെട്ടുപുരകള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉള്ളില്‍ 600 ചതുരശ്ര അടിയോളം സൗകര്യമുള്ള പുരകളുടെ ഭിത്തികള്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചതാണ്.
Post Your Comments