ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകാരോഗ്യ സംഘടന പുറത്തു വിട്ട ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ കണക്കുകൾ ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്.
കോവിഡ് മൂലം മരിച്ചത് 4.8 ലക്ഷം ഇന്ത്യക്കാരാണ് എന്നാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 47 ലക്ഷം ഇന്ത്യക്കാരാണ് മരണമടഞ്ഞത്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് ലോകാരോഗ്യ സംഘടന ഇന്നലെ പുറത്തു വിട്ടിരുന്നു. ഇത് ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
യഥാർത്ഥ വസ്തുത നരേന്ദ്ര മോദി സർക്കാർ മറച്ചുവെച്ചുവെന്നും, ‘ശാസ്ത്രം കള്ളം പറയില്ല, പക്ഷേ, മോദി പറയും” എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മരണമടഞ്ഞവരുടെ കുടുംബത്തിന് നിർബന്ധമായും നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ലോകാരോഗ്യ സംഘടനയുടെ ഡാറ്റ ശേഖരിക്കുന്ന പ്രക്രിയ തെറ്റാണെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു. ഇന്ത്യയിലെ ജനന-മരണ വിവരങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കാൻ സർക്കാരിന് സ്വന്തമായി സംവിധാനമുണ്ടെന്നും, അതിനാൽ, ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ തെറ്റാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി
Post Your Comments