കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിന് അനുകൂല നിലപാടുകളുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് രംഗത്ത് വരുന്നതിനെ തമാശയായി കാണാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയില്ല. കണ്ണൂരിൽ നടന്ന സി.പി.ഐ.എം പാര്‍ട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതോടെ, തോമസ് മാഷിന്റെ ഇടത്തോട്ടുള്ള ചാഞ്ചാട്ടം വളരെ വ്യക്തമാവുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സെമിനാറിന് ശേഷം തരം കിട്ടുമ്പോഴൊക്കെ, മുഖ്യമന്ത്രിയെ പുകഴ്ത്തിയും ഇടതുസർക്കാരിന്റെ പദ്ധതികളെ പുകഴ്ത്തിയും തോമസ് മാഷ് രംഗത്ത് വന്നിരുന്നു. ഇതിനെ കോൺഗ്രസ് ഗൗരവമായിത്തന്നെയാണ് കാണുന്നത്.
കെ.വി തോമസിന്റെ ഇടത് മഹത്വങ്ങളിൽ ഏറ്റവും പുതിയതാണ് കെ. റെയിൽ പദ്ധതി. മുഖ്യമന്ത്രി താനായിരുന്നെങ്കിൽ എപ്പോഴേ കെ. റെയിൽ പദ്ധതി നടപ്പിലാക്കിയേനെയെന്നായിരുന്നു അദ്ദേഹം ഏറ്റവും ഒടുവിൽ പ്രതികരിച്ചത്. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും, എതിര്‍പ്പുകള്‍ മാറ്റിവച്ച് വികസനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നുമായിരുന്നു തലമൂത്ത കോൺഗ്രസ് നേതാവിന്റെ ആഹ്വാനം. തന്റെ വാദങ്ങളെ ഊട്ടിയുറപ്പിക്കാൻ അദ്ദേഹം, മഹാത്മാ ഗാന്ധിയെയും കൂട്ടുപിടിച്ചു. തര്‍ക്കങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടതെന്നും, അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതല്‍ പ്രകാശിതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രക്തസാക്ഷിത്വാചരണ പരിപാടിയിലും ഇടത് സർക്കാരിനെ പുകഴ്‌ത്താൻ കാണിച്ച കെ.വി തോമസിന്റെ ആ മനസ് ആരും കാണാതെ പോകരുത് എന്നാണ് വിമർശകർ പറയുന്നത്.
Also Read:ഉള്ളിയെ പോലെ ഉള്ളിത്തൊലിക്കുമുണ്ട് ഉപയോഗങ്ങൾ : അവ അറിയാം
സിൽവർ ലൈൻ പോലെയുള്ള പദ്ധതിയുടെ പേരിൽ സർക്കാരിനെതിരെ, കോൺഗ്രസിനകത്തും പുറത്തും വിരുദ്ധ വികാരമുയരുന്ന സാഹചര്യത്തിലാണ് ‘ഇതൊന്നും പ്രശ്നമേയല്ലെന്ന’ മട്ടിലുള്ള കെ.വി തോമസിന്റെ പുതിയ കണ്ടെത്തൽ. കെ റെയിൽ പദ്ധതിയെ വെള്ളപൂശുന്ന കെ.വി തോമസിന്റെ നിലപാട്, കോൺഗ്രസിനെ മാത്രമല്ല രാഷ്ട്രീയക്കളരിയിലെ അങ്കം ആകാംക്ഷയോടെ നോക്കി കാണുന്ന സാധാരണക്കാരനെയും അമ്പരപ്പിക്കുണ്ട്. കെ റെയിലിനെതിരെ അക്ഷീണം പ്രവർത്തിക്കുന്ന, സമരം ചെയ്ത് പോലീസിന്റെ കൈയ്യൂക്ക് അറിയുന്ന, സ്വന്തം അണികളെയും ഒരു കൂട്ടം നേതാക്കളെയും തള്ളിപ്പറയുന്ന പ്രവർത്തിയല്ലേ കെ.വി തോമസ് ചെയ്തത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ.
അതേസമയം, കെ.വി തോമസ്, മനസ് കൊണ്ട് ഒരു കമ്മ്യൂണിസ്റ്റുകാരനായി എന്ന് ആശങ്കയോടെ ചിന്തിക്കുന്ന അണികൾക്ക് മുൻപാകെ നിന്നുകൊണ്ട് ‘ഞാൻ കോൺഗ്രസ് വിട്ടെങ്ങോട്ടുമില്ല’ എന്ന് അദ്ദേഹം പല തവണ ആണയിട്ട് കഴിഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനും മുന്നേ തന്നെ, അദ്ദേഹത്തിന്റെ ഇടതുപാളയത്തിലേക്കുള്ള യാത്രയെ കുറിച്ച് കോൺഗ്രസ് നേതാക്കൾ അസംതൃപ്തരാണ്. തോമസ് മാഷിന്റെ ചാട്ടമെങ്ങോട്ടെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
Post Your Comments