കോഴിക്കോട്: മനുഷ്യരുടെ കരച്ചിൽ പിണറായി വിജയൻ കേൾക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. സി.പി.എം അനുകൂലികളായവരെ ഉൾപ്പെടെ സർക്കാർ ദ്രോഹിക്കുകയാണ്. കെ റെയില്‍ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും കെ. സുധാകരന് പറഞ്ഞു. ജനരോഷം മൂലം പദ്ധതി മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വരും. നാളെ കോൺഗ്രസ് സമരമുഖത്തേക്ക് കടക്കും. കല്ല് പിഴുതെറിയാൻ കോൺഗ്രസ്സ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈനിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണെന്ന് സുധാകരന് കോഴിക്കോട്ട് വെച്ച് പറഞ്ഞു. അതിവേഗ പാതയ്ക്ക് ബദലായി സർക്കാരിന് ടൗൺ ടു ടൗൺ മാതൃകയിൽ കേരള ഫ്ലൈ ഇൻ എന്ന വിമാന സർവ്വീസ് ആരംഭിക്കാമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാരിന് സിൽവർ ലൈൻ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ നിരീക്ഷിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്ര പരാജയത്തിന് ശേഷം പൊതുരംഗത്തേക്ക് തിരിച്ചെത്താനുള്ള ഉപായമായിട്ടാണ് കോൺഗ്രസ് സിൽവർ ലൈൻ പ്രതിഷേധത്തെ കാണുന്നത്.
Post Your Comments