മാഞ്ചസ്റ്റർ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വിരമിക്കാൻ സമയമായെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് ഇതിഹാസ താരം ഫ്രാങ്ക് ലിബോഫ്. താരം, പ്രതിഭ മങ്ങി കളിക്കുന്നത് കാണാന്‍ താല്പര്യമില്ലെന്നും യുണൈറ്റഡിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ് അസ്‌തമനത്തെയാണ് കാണിക്കുന്നതെന്നും ലിബോഫ് പറയുന്നു. കഴിയുന്നതും വേഗത്തില്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ ആവശ്യപ്പെടുകയാണ് താരം.
‘ഈ സീസണില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലേക്ക് താരത്തിന്റെ തിരിച്ചുവരവ് മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ മൂക്കിന് കീഴില്‍ നിന്നുമായിരുന്നു. എന്നാല്‍ താരത്തിന്റെ വരവ് ടീമിന് കാര്യമായി ഗുണം ചെയ്‌തിട്ടില്ല. 23 കളികളില്‍ താരത്തിന് ഇതുവരെ 12 ഗോളുകളെ നേടുവാനും കഴിഞ്ഞിട്ടുള്ളൂ. 2009ലായിരുന്നു ഇതിന് മുമ്പ് താരത്തിന് 20 ഗോള്‍ മാര്‍ക്കില്‍ എത്താന്‍ കഴിയാതെ പോയത്. എന്നാല്‍, ഈ സീസണില്‍ ഇനി 12 മത്സരമേ ബാക്കിയുള്ളൂ’.
‘ഈ മാസം 37 വയസ്സ് തികഞ്ഞ താരം ഇപ്പോള്‍ നീങ്ങുന്നത് ഫോമിന്റെ അവസാന ഘട്ടത്തിലൂടെയാണ്. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുകയാണ് നല്ലത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്. വര്‍ഷങ്ങളോളം ഗ്രൗണ്ടില്‍ ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോയെ പിച്ചില്‍ ദയനീയമായ അവസ്ഥയില്‍ കാണുന്നത് തന്നെ സംബന്ധിച്ചിടത്തോളം വിഷമകരമാണ്. ഒരു സാധാരണ കളിക്കാരനെ പോലെ അദ്ദേഹത്തെ കാണുന്നതിനെ താന്‍ ഇഷ്ടപ്പെടുന്നില്ല’ ലിബോഫ് പറയുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തരായ ടോട്ടനത്തിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് വിമര്‍ശകരുടെ വരെ കൈയടി വാങ്ങുന്നതായിരുന്നു. 12-ാം മിനിറ്റില്‍ 27 വാര അകലെ നിന്ന് തൊടുത്ത വിസ്‌മയ ഗോൾ പ്രതാപകാലത്തെ ക്രിസ്റ്റ്യാനോയുടെ പ്രകടനത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു. തുടർന്ന്, 38, 81 മിനിറ്റുകളിലെ തകർപ്പൻ ഗോളോടെ മാഞ്ചസ്റ്ററിനായി 14 വർഷത്തിന് ശേഷമുള്ള റോണോയുടെ ഹാട്രിക്കിന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചു. കരിയറിലെ 67-ാം ട്രിപ്പിൾ കൂടിയാണിത്.
Read Also:- ശരീര ഭാരം കുറയ്ക്കാന്‍ ചെറുതേൻ
എന്നാൽ, ചാമ്പ്യൻസ് ലീഗില്‍ നിന്നു കൂടി പുറത്തായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും വലിയ കിരീട വരള്‍ച്ച നേരിടുന്ന സീസണായി ഈ വര്‍ഷം മാറി. എല്ലാ ടൂര്‍ണമെന്റുകളിലും കൂടി ക്ലബ്ബിന് ഈ വര്‍ഷത്തെ വിജയശതമാനം വെറും 45 മാത്രമാണ്. കഴിഞ്ഞയാഴ്ചയായിരുന്നു ചാമ്പ്യൻസ് ലീഗില്‍ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായത്. സ്വന്തം തട്ടകത്തിൽ എതിരാളികൾ ജയം ആഘോഷിക്കുമ്പോൾ കണ്ണീരോടെ നോക്കി നിൽക്കാനേ സൂപ്പർ താരത്തിന് കഴിഞ്ഞൊള്ളു.
Post Your Comments