തിരുവനന്തപുരം: അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ വച്ചായിരുന്നു താൻ ആദ്യമായി ‘മൂലധനം’ വായിച്ചതെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക്. മൂലധനത്തിന്റെ ഓരോ അധ്യായത്തിലെ ഭാഗത്തിന്റെയും സംക്ഷിപ്ത വിവരണമാണ് ഈ ഗ്രന്ഥമെന്നും തനിക്ക് അന്ന് ലഭിച്ച പതിപ്പിൽ ഒന്നാം വാല്യത്തിന്റെ സംക്ഷിപ്ത രൂപമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മൂലധനം പൂർണ്ണമായി വായിച്ചു പഠിച്ചിട്ടുള്ളവർ ചുരുക്കമായിരിക്കുമെന്നും കഴിഞ്ഞ 150 കൊല്ലക്കാലത്തിൽ ലോകചരിത്രത്തെ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു കൃതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഞാൻ ആദ്യമായി മൂലധനം വായിച്ചത് മറക്കില്ല. കാരണം ആ വായന അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ വച്ചായിരുന്നു. തികച്ചും ആകസ്മികമായിരുന്നു അറസ്റ്റ്. അതുകൊണ്ട് കൈയിൽ ഉണ്ടായിരുന്ന നോവൽ അല്ലാതെ മറ്റൊരു കടലാസും ഇല്ലാതെയാണ് ഞാൻ ജയിലിൽ എത്തിയത്. ഏതായാലും ജയിലിൽ ചിട്ടയായി മാർക്സിസം പഠിക്കാൻ തീരുമാനിച്ചു. മൂലധനം ആയിക്കോട്ടെ. കൃഷ്ണന്റെ വീട്ടിൽ ഇരുന്ന എന്റെ പുസ്തക ശേഖരത്തിൽ നിന്നും ഞാൻ ആവശ്യപ്പെട്ടപ്രകാരം സഖാക്കൾ രണ്ട് പുസ്തകങ്ങൾ എത്തിച്ചുതന്നു. മൂലധനത്തിന്റെ ഒന്നാംവാല്യം. പിന്നെ എഡ്വേർഡ് അവലിങിന്റെ സ്റ്റുഡന്റ് മാർക്സ് എന്ന ഗ്രന്ഥവും. മൂലധനം വായിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയ അനുഭവം ഉണ്ടായിരുന്നതുകൊണ്ട് ഒരു പഠനസഹായി വേണ്ടിവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് എഡ്വേർഡ് അവലിങിനെ ആശ്രയിക്കാൻ തീരുമാനിച്ചത്. മൂലധനത്തിന്റെ ഓരോ അധ്യായത്തിലെ ഭാഗത്തിന്റെയും സംക്ഷിപ്ത വിവരണമാണ് ഈ ഗ്രന്ഥം. എനിക്ക് അന്ന് ലഭിച്ച പതിപ്പിൽ ഒന്നാംവാല്യത്തിന്റെ സംക്ഷിപ്തരൂപമേ ഉണ്ടായിരുന്നുള്ളൂ.
ആദ്യ അധ്യായങ്ങളായിരുന്നു ഏറ്റവും ക്ലിഷ്ടം. പലതിന്റെയും സാംഗത്യം തന്നെ എനിക്കു മനസിലായില്ല. എങ്കിലും ജയിലിൽ നിന്നും ഇറങ്ങുംമുമ്പ് മൂലധനം തീർക്കണമെന്ന വാശിയിലായിരുന്നു. മൂലധനത്തിന്റെ ഒരു ഭാഗം വായിക്കും. പിന്നെ അവലിങിന്റെ ആ ഭാഗം സംബന്ധിച്ച സംക്ഷിപ്തരൂപവും. പിന്നെ വീണ്ടും മൂലരൂപം. ഇങ്ങനെ പതുക്കെപതുക്കെ പത്താം അധ്യായത്തിലെത്തി. മിച്ചമൂല്യ വർദ്ധനയ്ക്കുവേണ്ടി പ്രവൃത്തി സമയം വർദ്ധിപ്പിക്കാനുള്ള മുതലാളിയുടെ ശ്രമവും അതിനെതിരായ ചെറുത്തുനിൽപ്പുമാണ് ഈ അധ്യായത്തിൽ പരിശോധിക്കുന്നത്. ഇങ്ങനെ വിശകലനം കൂടുതൽ ചരിത്രപരമായതോടെ വായനയും എളുപ്പമായി. കോടതി വെറുതെവിട്ട് ജയിലിൽ നിന്നും പുറത്തുവരുമ്പോൾ പ്രാകൃതമൂലധന സഞ്ചയന അധ്യായത്തിൽ എത്തിയിരുന്നതേയുള്ളൂ.
ഒരു വർഷം കഴിഞ്ഞ് സി.ഡി.എസിൽ ചേർന്നതോടെ മൂലധനവായന അനിവാര്യമായി തീർന്നു. കുഴപ്പ സിദ്ധാന്തവും കാർഷിക മേഖലയിലെ മുതലാളിത്ത വളർച്ചയും പഠിക്കുന്നതിന് രണ്ടും മൂന്നും വാല്യങ്ങളുടെ തെരഞ്ഞെടുത്ത ഭാഗങ്ങളെങ്കിലും വായിച്ചേ മതിയാകൂ എന്നതായിരുന്നു അന്നത്തെ സ്ഥിതി. മിഹിർഷ മുൻകൈയെടുത്ത് നടത്തിയിരുന്ന ഒരു മൂലധന പഠനഗ്രൂപ്പും വായനയെ സഹായിച്ചു.
മൂലധനം പൂർണ്ണമായി വായിച്ചു പഠിച്ചിട്ടുള്ളവർ ചുരുക്കമായിരിക്കും. പക്ഷെ കഴിഞ്ഞ 150 കൊല്ലക്കാലത്തെ ലോകചരിത്രത്തെ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു കൃതി ഇല്ല. സോവിയേറ്റ് യൂണിയന്റെ പതനത്തോടെ മൂലധനം അക്കാദമിക് ക്ലാസ് മുറികളിൽ നിന്നും അപ്രത്യക്ഷമായി. പക്ഷെ ആഗോളമുതലാളിത്തത്തെ ഗ്രസിച്ചിട്ടുള്ള രൂക്ഷമായ കുഴപ്പം വീണ്ടും മൂലധനത്തെ മുഖ്യവേദിയിലേയ്ക്ക് കൊണ്ടുവന്നിരിക്കുന്നു.
Post Your Comments