തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് നല്‍കിവരുന്ന ശമ്പളത്തില്‍ ആറ് വര്‍ഷം കൊണ്ടുണ്ടായ വര്‍ദ്ധനവ് 190.16 ശതമാനം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചിരുന്നു. മന്ത്രിമാര്‍ക്ക് ഇരുപതിലധികം പേഴ്സണല്‍ സ്റ്റാഫുകളുണ്ട്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. പെന്‍ഷനും ശമ്പളവും അടക്കം വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇത് ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിമാരുടെയും മറ്റ് ക്യാബിനറ്റ് പദവിയുള്ള ഭരണാധികാരികളുടെയും പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള ശമ്പളം, പെന്ഷന്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 2019- 2020 കാലയളവില്‍ 34.79 കോടി രൂപയാണ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ യാത്രാചെലവ് ഇനത്തിലും ശമ്പള ഇനത്തിലുമായി സര്‍ക്കാര്‍ ചെലവാക്കിയത്.
2013-2014, 2019-2020 കാലത്തെ കണക്കുകളാണ് ഇവ. 2020 -2021 കാലത്തെ കണക്കുകൾ ഇനിയും പുറത്തു വരാനുണ്ട്. 7.13 കോടി രൂപ വിരമിച്ച സ്റ്റാഫുകള്‍ക്ക് പെന്ഷന് ഇനത്തിലും 1.79 കോടി രൂപ ഗ്രാറ്റ്യുവിറ്റി ഇനത്തിലും ചെലവഴിച്ചു. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പെന്ഷന് 3550 രൂപയും പരമാവധി 83400 രൂപയുമാണ്.
ഇവിടെ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്മെന്റാണ്. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ പോലും 11 പേരാണ് പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നത്. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുകയാണ്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
Post Your Comments