കോഴിക്കോട് : മൂന്നാറില്‍ സംഘടിപ്പിച്ച മുസ്ലീം യൂത്ത്ലീഗിന്റെ സംസ്ഥാന ക്യാമ്പിലേയ്ക്ക് നേതാക്കളുടെ ആഡംബര യാത്ര. ഹെലികോപ്റ്ററിലാണ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും മൂന്നാറിലെ ക്യാമ്പിനെത്തിയത്. ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ഉല്ലാസ യാത്രയെ വിമര്‍ശിച്ച് യൂത്ത്ലീഗ് നേതാക്കള്‍ തന്നെയാണ് ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രവര്‍ത്തകരും പ്രതിഷേധം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും ശൈലി മാറ്റാതെ ആഡംബര പ്രിയരായി നടക്കുന്നതായായിരുന്നു വിമര്‍ശനം. ആകാശം ചുറ്റാതെ മണ്ണിലേക്കിറങ്ങൂ എന്നിങ്ങനെ ട്രോള്‍ വര്‍ഷവുമുണ്ട്.
Read Also : ഗുരു രാജ്യം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ്, ടാബ്ലോ അനുവദിക്കാതിരുന്നത് പ്രതിഷേധാര്‍ഹം: പിണറായി വിജയന്
വന്‍കിട റിസോര്‍ട്ടില്‍ കോവിഡ് കാലത്ത് ക്യാമ്പ് നടത്തിയെന്നായിരുന്നു ഒരു വിഭാഗമുയര്‍ത്തിയ ആരോപണം. ജനുവരി 16 മുതല്‍ 18 വരെയായിരുന്നു മൂന്നാറില്‍ സംസ്ഥാന എക്സിക്യൂടീവ് ക്യാമ്പ് സംഘടിപ്പിച്ചത്. അതേസമയം ആകാശ ഉല്ലാസയാത്ര നിഷേധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തുവന്നു. മുനവറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയെന്നാണ് പ്രചരിപ്പിച്ചത്. ക്യാമ്പ് നടത്തിയ മുറികള്‍ക്ക് പതിനായിരം രൂപ വാടകയില്ലെന്നും ഫിറോസ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.
Post Your Comments