ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മക്കള്‍ക്ക് വിഷം നല്‍കി താന്‍ തൂങ്ങിമരിക്കുമെന്ന് അമ്മ ആനി നേരത്തെ പറഞ്ഞിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. പോലീസ് പൂട്ടിപോയ വീട് കുത്തിത്തുറക്കാനും ശ്രമം നടന്നതും സംഭവത്തിന്റെ ദുരൂഹത കൂട്ടുകയാണ്.
കോര്‍ത്തുശ്ശേരി കുന്നേല്‍വീട്ടില്‍ ആനി രഞ്ജിത്ത് (54), മക്കളായ ലെനിന്‍ രഞ്ജിത്ത് (അനില്‍ -36), സുനില്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ആനിയെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലില്‍ മലര്‍ന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്. മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് ഇരുവര്‍ക്കും വിഷംനല്‍കി ആനി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കള്‍ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയില്‍നിന്ന് ലെനിന്‍ വീട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടില്‍ ചിട്ടിപ്പണം പിരിക്കാന്‍ ചെന്ന യുവാവാണ് ആനി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയില്‍ കണ്ടത്. ആനിയുടെ ഭര്‍ത്താവ് രഞ്ജിത്ത് ഏഴുവര്‍ഷം മുമ്പ് ഹൃദ്രോഗം ബാധിച്ച് മരിച്ചിരുന്നു.
മക്കളുടെ മദ്യപാനവും വഴക്കും മൂലം സ്വസ്ഥത നശിച്ചപ്പോള്‍, ഇവന്മാര്‍ക്ക് വിഷം കലക്കിക്കൊടുത്തു താന്‍ തൂങ്ങി മരിക്കുമെന്ന് കഴിഞ്ഞയിടെ ആനി പറഞ്ഞതായി പരിസരവാസികള്‍ സൂചിപ്പിച്ചു. പ്രായമേറെ ചെന്നെങ്കിലും മക്കള്‍ ആരും വിവാഹവും കഴിക്കാത്തതിലും ആനി വിഷമത്തിലായിരുന്നു. സുനിലിന്റെ കാതില്‍നിന്ന് ഹെഡ്‌ഫോണ്‍ ഊരി കിടന്നിരുന്നു. ഞായറാഴ്ച പുലര്‍ച്ചേ ഒന്നരയോടെ ലെനിന്‍ ആരെയോ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കോള്‍ സ്വീകരിച്ചിട്ടില്ല. ഈ നമ്പര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വീട് പൊലീസ് പൂട്ടിപ്പോയ ശേഷം കതക് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമം നടന്നു. അയല്‍വാസികള്‍ കണ്ട് ഒച്ച വെച്ചപ്പോള്‍ യുവാവ് കടന്നുകളയുകയായിരുന്നു. വീട് കുത്തിത്തുറക്കാന്‍ ശ്രമിച്ച യുവാവിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
Post Your Comments