പാലാ : സെന്റ് തോമസ് കോളേജ് കാമ്പസില്‍ നിഥിനാമോളെ കൊലപ്പെടുത്തിയപ്പോള്‍ ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയ ആള്‍ എന്നു പറഞ്ഞ് പൊലീസിനെയും, ചാനലുകളെയും തെറ്റിദ്ധരിപ്പിച്ച മദ്ധ്യവയസ്‌ക്കനെതിരെ അന്വേഷണം. ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരമറ്റത്തെ ഒരു ചെറുകിട വ്യാപാരിയാണിയാളെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
സംഭവം നടക്കുന്നതിന് എതിര്‍വശത്ത് അരകിലോമീറ്ററോളം അകലെ മറ്റൊരു കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് നിന്ന താന്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സംഭവസ്ഥലത്തേക്ക് നോക്കിയപ്പോള്‍ കുറച്ചുപേര്‍ ഓടിക്കൂടുന്നത് കണ്ടുവെന്നും ഉടനെ താനും അവിടേക്ക് ഓടിയെത്തുകയുമായിരുന്നുവെന്നാണ് ഇയാള്‍ ‘തട്ടിവിട്ടത്.11.30 ന് താന്‍ സ്ഥലത്ത് ഓടിയെത്തുമ്പോള്‍ പെണ്‍കുട്ടി ചോരയില്‍ കുളിച്ചുകിടക്കുന്നതും പ്രതി ദൂരെ മാറിയിരിക്കുന്നതും കണ്ടുവെന്നായിരുന്നു ഇയാളുടെ അവകാശവാദം.
11.30 ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെന്ന് വ്യക്തമായതോടെ ഇയാളുടെ ദൃക്‌സാക്ഷി വിവരണം തട്ടിപ്പാണന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടു. ഇയാളുടെ വിവരണം പല ചാനലുകളും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ചിലര്‍ കൃത്യത്തിന് ശേഷം പ്രതി എവിടെയാണിരുന്നതെന്ന് ചോദിച്ചപ്പോള്‍ ദൂരെയൊരു സ്ഥലമാണ് ഇയാള്‍ ചൂണ്ടിക്കാണിച്ചത്. ഇതോടെ കാര്യം മനസിലാക്കിയ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇയാളെ കൈയൊഴിഞ്ഞു.
ചാനലില്‍ മുഖംകാണിക്കാന്‍ ഓടിനടന്ന ഇയാളെ സ്ഥലത്തെത്തിയ പാലാ ഡിവൈ.എസ്.പി ഷാജു ജോസ് നോട്ടമിടുകയും ശ്രദ്ധിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Post Your Comments