Kerala

നവജാത ശിശുവിനെ കൈമാറ്റം ചെയ്ത സംഭവം: തൃപ്പൂണിത്തുറയിൽ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് നവജാതശിശുവിനെ അനധികൃതമായി കൈമാറ്റം ചെയ്ത കേസിൽ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്കാണ് കുഞ്ഞിനെ കൈമാറിയത്. കുട്ടിയുടെ ആരോ​ഗ്യവിവരം അന്വേഷിച്ചെത്തിയ ആരോ​ഗ്യ പ്രവർത്തകരാണ് കുട്ടി അമ്മയോടൊപ്പം ഇല്ലാത്ത കാര്യം അറിയുന്നത്. തുടർന്ന് ആരോഗ്യപ്രവർത്തകർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ അമ്മ അനധികൃതമായി കൈമാറിയ വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.

അതേസമയം കുട്ടിയെ നൽകിയത് പണം വാങ്ങിച്ചിട്ടല്ലെന്നും കോയമ്പത്തൂർ സ്വദേശിക്കാണ് കുട്ടിയെ നൽകിയതെന്നുമാണ് അമ്മ പോലീസിനോട് വ്യക്തമായിട്ടുള്ളത്. തിങ്കളാഴ്ച തന്നെ കുട്ടിയെ തിരികെ എത്തിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 15-നാണ് തിരുവാണിയൂർ പഞ്ചായത്തിൽ നിന്നുള്ള യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രസവിച്ചത്. എന്നാൽ 19ന് യുവതി പ്രസവിച്ച ആൺകുട്ടിയെ അനധികൃതമായി മറ്റൊരാൾക്ക് കൈമാറുകയായിരുന്നു. തൃപ്പൂണിത്തുറ സ്വ​ദേശിയായ യുവതി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ​ഗർഭിണിയാവുകയും മാസങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ വേർപിരിയുകയും ചെയ്തു.

ഇതോടെ തിരികെ ഭർത്താവിന്റെ അരികിലേക്ക് എത്തിയ യുവതിയെ കുടുംബം സ്വീകരിച്ചെങ്കിലും പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രസവ ശേഷം ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറിയതെന്നാണ് വിവരം. നിർധന കുടുംബമാണെന്നും ഭർത്താവ് കാര്യങ്ങൾ നോക്കാത്തതിനാൽ അകന്ന ബന്ധുവിനാണ് കുട്ടിയെ കൈമാറിയതെന്നുമാണ് കുഞ്ഞിന്റെ അമ്മ പോലീസിനോട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button