
മലപ്പുറം: യുവതിയും ബന്ധുവായ പതിനഞ്ചുകാരനും ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), മുഹമ്മദ് ലിയാൻഎന്നിവരാണ് മരിച്ചത്. ആബിദയുടെ സഹോദരന്റെ മകനാണ് മുഹമ്മദ് ലിയാൻ. ഇന്നലെ വൈകിട്ട് നാലരയോടെ മദിരശ്ശേരി താഴം കടവിലായിരുന്നു അപകടം.
കുളിക്കുന്നതിനിടെ മുഹമ്മദ് ലിയാൻ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ട് പുഴയോരത്ത് നിന്നിരുന്ന ആബിദ, മുഹമ്മദ് ലിയാനെ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ, ഇരുവരും പുഴയിൽ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരുടേയും മൃതദേഹങ്ങൾ പുഴയിൽനിന്നും പുറത്തെടുത്തത്.
പാലക്കാട് ജില്ലയിലെ ആനക്കര ശിവക്ഷേത്രത്തിന് സമീപം കൊല്ലാട്ടു വളപ്പിൽ അഹമ്മദ് കബീറിന്റെ മകനാണ് മുഹമ്മദ് ലിയാൻ. അഹമ്മദ് കബീറിന്റെ സഹോദരിയാണ് ആബിദ. വേനലവധിയുടെ ഭാഗമായി മുഹമ്മദ് ലിയാനും വീട്ടുകാരും ആബിദയുടെ വീട്ടിലെത്തിയതായിരുന്നു. എല്ലാവരും ചേർന്ന് പുഴയോരത്തേക്ക് എത്തിയതിനിടയിലാണ് ദുരന്തമുണ്ടായത്. ഇരുവരുടേയും മൃതദേഹങ്ങൾ കുറ്റിപ്പുറം അമാന ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് കബറടക്കും.
ആനക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് ലിയാൻ. ഈ വർഷം 10-ക്ലാസിലേക്ക് പ്രവേശനം ലഭിച്ചിരിക്കുകയായിരുന്നു മുഹമ്മദ് ലിയാൻ. കൗലത്ത് ആണ് മാതാവ്.
ആബിദയുടെ ഭർത്താവ് പരേതനായ റഷീദ്.
മക്കൾ: ഷിബിലി, റിബിൻ.
Post Your Comments