
കണ്ണൂർ: ക്ഷേത്രത്തിൽ നടത്താനിരുന്ന ഇഫ്താർ വിരുന്ന് പ്രതിഷേധത്തെ തുടർന്ന് വേണ്ടെന്ന് വെച്ചു. ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നാണ് റദ്ദാക്കിയത്. ബുധനാഴ്ച ക്ഷേത്രത്തിൽ ഇഫ്താർ-സ്നേഹസംഗമം നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, പരിപാടിക്കെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ചിലർ പരിപാടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഘാടതർ ഇഫ്താറിൽ നിന്നും പിന്മാറിയത്.
ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിന്റെ പാർക്കിങ് ഏരിയയിലാണ് ഇഫ്താർ- സ്നേഹസംഗമം നടത്താൻ നിശ്ചയിച്ചിരുന്നത്. എം.എൽ.എ, പള്ളി വികാരി, ഖത്തീബ് തുടങ്ങിയവരെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി പ്ലാൻ ചെയ്തിരുന്നത്. സ്നേഹ സംഗമം നിശ്ചയിച്ച അന്നുമുതൽ സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ നേതാക്കൾ ഉൾപ്പെടെയുള്ളവർ എതിർപ്പുമായി വന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പോർക്കലി കലശ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇഫ്താർ സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ശ്രീകുമാർ മാങ്കുഴി, കൊട്ടിയൂർ സ്വദേശി വി.എസ്. അനൂപ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രമാണിതെന്നും ഇഫ്താറിന് പ്രത്യേകം അനുമതി നൽകിയിട്ടില്ലെന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ഹൈകോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇഫ്താർ വേണ്ടെന്നുവെച്ചതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
Post Your Comments