Latest NewsIndia

ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അ​ഗ്നിബാധ: തീ അണയ്ക്കാനെത്തിയവർ കണ്ടത് കെട്ടുകണക്കിന് കണക്കിൽപെടാത്ത നോട്ടുകൾ

ന്യൂഡൽഹി: ​ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ അ​ഗ്നിബാധ അണയ്ക്കാനെത്തിയ ഫയർഫോഴ്‌സ്‌ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത് കണക്കിൽപെടാത്ത പണത്തിന്റെ വൻ ശേഖരം. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലെ അ​ഗ്നിബാധയാണ് ഇപ്പോൾ ഇന്ത്യൻ ജുഡീഷ്യറിയെ തന്നെ പിടിച്ചുലയ്ക്കുന്നത്.

തീയണച്ച ശേഷം ഫയർഫോഴ്സ് – പൊലീസ് ഉദ്യോ​ഗസ്ഥർ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്ന നടപടിക്രമങ്ങളുടെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ഒരു മുറിയിൽ നിന്നും കണക്കിൽപെടാത്ത കെട്ടുകണക്കിന് നോട്ടുകൾ കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ഉണ്ടായ അ​ഗ്നിബാധയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നത്.

അ​ഗ്നിബാധയുണ്ടായ സമയം ജസ്റ്റിസ് വർമ്മ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോർസ് അംഗങ്ങൾ എത്തി തീ അണച്ചു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഫയർഫോഴ്‌സ്‌ അംഗങ്ങളും, പോലീസും തീപ്പിടിത്തത്തിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനിടയിലാണ് ഒരു മുറിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണം ആണെന്ന് കണ്ടെത്തി. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിഷയം അതിവേഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിൽ പെട്ടു.

പണം കണ്ടെത്തിയ വിവരം കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ വിഷയത്തിന്റെ ഗൗരവ്വ സ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉടൻ തന്നെ സുപ്രീം കോടതി കൊളീജിയം യോഗം വിളിച്ച് ചേർത്തു. കൊളീജിയത്തിലെ മുഴുവൻ അംഗങ്ങളും വർമ്മയ്ക്ക് എതിരെ നടപടി വേണമെന്ന നിലപാടാണ്‌ സ്വീകരിച്ചത്. തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയെ അദ്ദേഹത്തിന്റെ സ്വന്തം ഹൈകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ കൊളീജിയം തീരുമാനിച്ചതായാണ് സൂചന.

shortlink

Post Your Comments


Back to top button