മുംബൈ : ബോളിവുഡ് ഹിറ്റ് ചിത്രമായ ജബ് വി മെറ്റിന്റെ രണ്ടാം ഭാഗത്തിനായി കരീന കപൂറുമായി വീണ്ടും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ഷാഹിദ് കപൂർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു ചടങ്ങിനിടെ ഇരുവരും പരസ്പരം കണ്ടുമുട്ടുകയും ആലിഗംനം ചെയ്യുകയും ചെയ്തിരുന്നു.
കരീനയുമായി നടൻ വീണ്ടും ഒന്നിച്ചത് വൈറലായതോടെ ജബ് വി മെറ്റ് 2 വീണ്ടും പുറത്തിറങ്ങുമെന്ന വിശ്വാസത്തിലാണ് ആരാധകർ. തുടർഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, ഷാഹിദ് സമ്മതം മൂളി. താൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ആരെങ്കിലും ഒരു നല്ല കഥയുമായി വന്നാൽ താനും കരീനയും അതിന്റെ ഭാഗമാകുന്നതിൽ സന്തോഷിക്കുമെന്നും നടൻ പറഞ്ഞു.
അതേ സമയം ഷാഹിദിന്റെ പ്രതികരണം യഥാർത്ഥ ചിത്രത്തിന്റെ സംവിധായകൻ ഇംതിയാസ് അലിയിൽ നിന്നുള്ള സ്ഥിരീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നുണ്ട്. ജബ് വി മെറ്റ് 2 നെക്കുറിച്ച് ഇതുവരെ വ്യക്തമായ വാർത്തകളൊന്നുമില്ലെങ്കിലും, തുടർഭാഗത്തിന്റെ സാധ്യത ഇന്റർനെറ്റിൽ ആവേശം ജനിപ്പിച്ചു കഴിഞ്ഞു.
ജബ് വി മെറ്റിലെ ഷാഹിദിന്റെയും കരീനയുടെയും ഓൺ-സ്ക്രീൻ കെമിസ്ട്രി നിഷേധിക്കാനാവാത്തതാണ്. കൂടാതെ സിനിമയുടെ ഷൂട്ടിംഗിനിടെ അവരുടെ ഓഫ്-സ്ക്രീൻ പ്രണയം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. എന്നാൽ കരീന സെയ്ഫ് അലി ഖാനെയും ഷാഹിദ് മീര രജ്പുതിനെയും വിവാഹം കഴിക്കുകയും ചെയ്തു. അതേ സമയം സ്‌ക്രീനിൽ വീണ്ടും ഇരുവരും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Leave a Comment