താനൂരില്‍ നിന്നും പെൺകുട്ടികളെ നാടുവിടാന്‍ സഹായിച്ച അസ് ലം റഹീം പൊലീസ് കസ്റ്റഡിയിൽ

അസ് ലം റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

മലപ്പുറം: താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ മുംബൈയില്‍ നിന്ന് മടങ്ങിയ അസ് ലം റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും സുഹൃത്താണ് റഹീമെന്ന് പൊലീസ് പറഞ്ഞു.

മുംബൈയില്‍ നിന്നും പിടികൂടിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. താനൂരില്‍നിന്നുള്ള പൊലീസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ടോടെ ഗരീബ്രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചതായും ഉച്ചയോടെ തിരൂരില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ പരീക്ഷയ്‌ക്കെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയ വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കു ഹാജരായിട്ടില്ലെന്നു സ്‌കൂളില്‍ നിന്നറിഞ്ഞതിന് പിന്നാലെ രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. മുംബൈ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസിലെ യാത്രയ്ക്കിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പൂനെയ്ക്കടുത്തു ലോണാവാലയില്‍ വച്ചാണു കുട്ടികള്‍ റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായത്.

കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സലിങ്ങും നല്‍കും. യാത്രയോടുള്ള താല്‍പര്യം കൊണ്ടു പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ കുട്ടികളില്‍നിന്നു നേരിട്ടു ചോദിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment