മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭയില്‍ നിന്ന് ധനഞ്ജയ് മുണ്ടെ രാജിവെച്ചു. ബീഡിലെ ഗ്രാമത്തലവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് രാജി. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അറിയിച്ചു.
ബീഡില്‍ ജില്ലയിലെ സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുണ്ടെയുടെ അടുത്ത അനുയായിയും എന്‍സിപി നേതാവുമായ വാല്‍മീക് കാരാഡ് പിടിയിലായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കാരാഡ് കീഴടങ്ങിയത്.
അറസ്റ്റിന് പിന്നാലെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന മുണ്ടേയോട് സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിരുന്നു. എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവായ ധനഞ്ജയ് മുണ്ടെ, ബീഡ് ജില്ലയിലെ പാര്‍ലി മണ്ഡലത്തില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയാണ്.
അതേസമയം ആരോഗ്യ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് മുണ്ടേ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്. 2024 ഡിസംബര്‍ ഒമ്പതിനാണ് ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ചായ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികൂടാനുള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്.
Leave a Comment