ബദരീനാഥിലുണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലുണ്ടായ മഞ്ഞിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ബദരീനാഥിലെ അതിര്‍ത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാമ്പിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 14 പേരെ കൂടി രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 8 പേരെ കൂടി രക്ഷിക്കാന്‍ ശ്രമം തുടരുന്നു.

Read Also: ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍പ്പെട്ടു : ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

പ്രദേശത്ത് 7 അടി ഉയരത്തില്‍ മഞ്ഞു വീണു കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മഞ്ഞു വീഴ്ചയും മഴയും രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പരുക്കേറ്റ മൂന്ന് പേരെ ജോഷിമഠിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലാണ് പരുക്കേറ്റവരെ എയര്‍ ലിഫ്റ്റ് ചെയ്യുന്നത്.

അതേസമയം, മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ തൊഴിലാളികളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടു. ബിഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. അപകടം നടക്കുമ്പോള്‍ ക്യാമ്പില്‍ 55 BRO തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രണ്ടു പേര്‍ അവധിയില്‍ ആയിരുന്നു എന്നും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ കൂട്ടിച്ചേര്‍ത്തു.

Share
Leave a Comment