പ്രതിപക്ഷ ഭേദഗതികള്‍ തള്ളി : വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാര്‍ലമെന്റ് മുന്നിലെത്തുന്ന ബില്ലില്‍ വഖഫ് ബോര്‍ഡുകളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് അടങ്ങിയിട്ടുള്ളത്

ന്യൂദൽഹി : വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജെ പി സി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ജെ പി സി യില്‍ പ്രതിപക്ഷ അംഗങ്ങള്‍ എഴുതി നല്‍കിയ 44 ഭേദഗതികള്‍ തള്ളുകയായിരുന്നു.

ബിജെപി നടപ്പാക്കാനൊരുങ്ങുന്ന 14 ഭേദഗതികള്‍ ഭൂരിപക്ഷ വോട്ടോടെ ജെ പി സി അംഗീകരിച്ചു. മാര്‍ച്ചില്‍ നടക്കുന്ന ബജറ്റ് രണ്ടാംഘട്ട സമ്മേളനത്തില്‍ ബില്ല് പാര്‍ലമെന്റിനു മുന്നിലെത്തും. പ്രതിപക്ഷ വിയോജിപ്പുകളെ മറികടന്ന് ഏകപക്ഷീയമായാണ് ജെ പി സി റിപ്പോര്‍ട്ട് അംഗീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കഴിഞ്ഞ ബജറ്റ് സമ്മേളനം നടന്ന ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ ജെ പി സി റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ പാര്‍ലമെന്റ് മുന്നിലെത്തുന്ന ബില്ലില്‍ വഖഫ് ബോര്‍ഡുകളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് അടങ്ങിയിട്ടുള്ളത്.

വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും വഖഫ് കൗണ്‍സിലിന് ഭൂമിയില്‍ അവകാശം പറയാനാവില്ല എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
Leave a Comment