യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് : എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി

കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയാണ് എംഎല്‍എയുടെ മകന്‍ കനിവ്

പത്തനംതിട്ട: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അശോക് കുമാറിനാണ് അന്വേഷണ ചുമതല.

മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ എംഎല്‍എ നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ എഫ്‌ഐആര്‍ ഇട്ട കുട്ടനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിഐ ജയരാജ് എന്നിവര്‍ നേരിട്ട് രേഖകള്‍ ഹാജരാക്കണം.  തിരുവനന്തപുരത്തെ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയാണ് എംഎല്‍എയുടെ മകന്‍ കനിവ്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറില്‍ പറയുന്നു.

കനിവ് ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന്‍ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന്‍ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്‍സന്‍, കാളകെട്ടും ചിറ വീട്ടില്‍ സോജന്‍ (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്.

Share
Leave a Comment