
പാലക്കാട്: സംസ്ഥാനത്ത് അതിവേഗ ഇടനാഴിക്ക് വഴിയൊരുങ്ങുന്നു. നിർദിഷ്ട പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയാണ് ഹൈ സ്പീഡ് കോറിഡോറായി നിർമ്മിക്കുക. ഇതിനായി പദ്ധതിയുടെ രൂപരേഖയിൽ മാറ്റം വരുത്തും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. പാലക്കാട് – കോഴിക്കോട് അതിവേഗ ഇടനാഴി നിലവിൽ വരുന്നതോടെ യാത്രാ സമയം പകുതിയിലും താഴെയായി കുറയും.
പാലക്കാട് – മലപ്പുറം – കോഴിക്കോട് ജില്ലകളിലൂടെ കടന്നു പോകുന്ന രീതിയിലാണ് നിലവിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. 120.84 കിലോമീറ്റർ ഹൈവേയിൽ പ്രവേശിക്കാനും പുറത്തു പോകാനും 12 വീതം സ്ഥലങ്ങളാണ് നിലവിലെ പദ്ധതിരൂപരേഖയിലുള്ളത്. അതിവേഗപാതയിൽ അതുണ്ടാകില്ല. പകരം സംവിധാനം എങ്ങനെയെന്നു പദ്ധതി രൂപരേഖ തയാറായാലേ അറിയാനാകൂ. വാഹനങ്ങൾക്കു തടസ്സമില്ലാതെ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന അതിവേഗ ഇടനാഴിയിൽ ഇരുചക്രവാഹനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.
സർവീസ് റോഡ് ഉണ്ടാകില്ലെങ്കിലും ജനവാസമേഖലകളിലെ റോഡുകൾ പരമാവധി ബന്ധിപ്പിക്കാനാണു മന്ത്രാലയത്തിന്റെ നിർദേശം. നിശ്ചിത ദൂരപരിധിയിൽ ഇതിനായി അടിപ്പാതകൾ നിർമ്മിക്കും. പാതയിൽ പ്രവേശിക്കുന്നിടത്ത് 60 മീറ്റർ വീതിയുണ്ടാകും. പദ്ധതിക്കു വേണ്ട സ്ഥലത്തിൽ 98ശതമാനവും ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോഴത്തെ ദേശീയപാതയിലൂടെ പാലക്കാട് – കോഴിക്കോട് യാത്രയ്ക്കു ശരാശരി വേണ്ടിവരുന്നത് നാല് മണിക്കൂറാണ്. എന്നാൽ രണ്ട് മണിക്കൂർ കൊണ്ട് ഈ ദൂരം താണ്ടാനാകുന്ന നിലയിലായിരുന്നു ഗ്രീൻഫീൽഡ് ഹൈവേയുടെ പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നത്. ഇത് അതിവേഗ ഇടനാഴിയായി രൂപം മാറുമ്പോൾ ഒന്നര മണിക്കൂറിൽ താഴെ സമയംകൊണ്ട് ഈ ദൂരം പിന്നിടാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ദേശീയപാത 544ൽ പാലക്കാട് മരുതറോഡിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66ൽ കോഴിക്കോട് പന്തീരാങ്കാവ് വരെയാണ് നിർദിഷ്ട അതിവേഗ ഇടനാഴി. സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറാകും ഇത്. നിർദിഷ്ട കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയും അങ്കമാലി – കുണ്ടന്നൂർ ബൈപാസും ഈ രീതിയിൽ ഹൈസ്പീഡ് കോറിഡോറായാകും നിർമ്മിക്കുക.
Post Your Comments