
മലപ്പുറം: ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച ശേഷം യുവാവ് വീട്ടിലെത്തി വൃദ്ധ ദമ്പതികളെ മയക്കിക്കിടത്തി സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ദമ്പതികളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥൻ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നൽകി.
ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാൾ കുറഞ്ഞ ചിലവിൽ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാഞ്ചേരിയിലെ വീട്ടില്‍ എത്തി.
ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് താന്‍ കൊണ്ടുവന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയ്യാറാക്കി ഇരുവര്‍ക്കും നല്‍കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നല്‍കി. ഇതോടെ ഇരുവരും മയങ്ങി വീഴുകയും കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു.
ബോധം തെളിഞ്ഞപ്പോഴാണ് ഇവർക്ക് ചതി മനസ്സിലായത്. തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments