തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് പിണറായി സർക്കാർ നൽകിയ പരോളുകളുടെ എണ്ണം കേട്ടാൽ ഞെട്ടും. കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായാണ് കണക്ക്.
കേസിലെ 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. നിയമ സഭയിൽ തിരുവഞ്ചൂരിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.
കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രിയോട് ടിപി കേസ് പ്രതികളുടെ പരോളുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. ടിപി കേസ് പ്രതികൾക്ക് എത്ര ദിവസം പരോൾ നൽകി, എന്ത് ആവശ്യത്തിനാണ് നൽകിയത്, ആരുടെ നിർദേശ പ്രകാരമാണ് പരോൾ നൽകിയത് എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ ചോദ്യം.
കേസിലെ 3 പ്രതികൾക്ക് 1000ത്തിലധികം പരോളും 6 പേർക്ക് 500ലധികവും പരോൾ ലഭിച്ചു. കെസി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സിജിത്ത് എന്നിവർക്കാണ് 1000 ലധികം പരോൾ ലഭിച്ചത്. കെസി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു പരോൾ ലഭിച്ചത്. ടികെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എംസി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ.
അതേസമയം, കൊടിസുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. ഈയിടെ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശ പ്രകാരം കൊടിസുനിക്ക് ഒരു മാസം പരോൾ അനുവദിച്ചിരുന്നു.
Leave a Comment