ദുബായ് : എമിറേറ്റിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഇത്തരം മേഖലകൾ കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്ന ഒരു പദ്ധതി സംബന്ധിച്ച് ദുബായ് അധികൃതർ പ്രഖ്യാപനം നടത്തി. ‘സൂപ്പർ ബ്ലോക്ക്’ എന്ന പദ്ധതിയുടെ കീഴിലാണ് ഈ നടപടികൾ.
ഇതിന്റെ ഭാഗമായി ദുബായിലെ ഏതാനം പാർപ്പിടമേഖലകളും, വാണിജ്യമേഖലകളും കാൽനടയാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള കാർ-ഫ്രീ സോണുകളാക്കി മാറ്റുന്നതാണ്.
ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ‘സൂപ്പർ ബ്ലോക്ക്’ പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്.
കാൽനടയാത്രികർക്ക് പ്രാധാന്യം നൽകുന്നതിനും, കാൽനടസൗഹൃദ ഗ്ലോബൽ നഗരം എന്ന രീതിയിൽ ആഗോള തലത്തിൽ ദുബായ് നഗരത്തിനുള്ള സ്ഥാനം ഒന്ന് കൂടി ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി.
ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള ഈ നടപടി കാറുകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, ഹരിതയിടങ്ങൾ വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
അൽ ഫഹിദി, അബു ഹൈൽ, അൽ കരാമ, അൽ ഖൂസ് ക്രിയേറ്റീവ് സോൺ തുടങ്ങിയ മേഖലകളിലാണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
Leave a Comment