വാഷിങ്ടൺ : അലാസ്‌കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ തീരത്തെ മഞ്ഞുപാളികളില്‍ നിന്ന് തകര്‍ന്ന് വീണ നിലയിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പടെ പത്ത് പേരും മരിച്ചു.
വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാക്കി ഏഴ് പേരുടെ മൃതദേഹം വിമാനത്തിലാണുള്ളത്. മൃതദേഹങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തെടുക്കാന്‍ പ്രയാസപ്പെടുകയാണ്.
യുഎസില്‍ എട്ട് ദിവസങ്ങള്‍ക്കിടെയുണ്ടായ മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്. സെസ്ന 208 ബി ഗ്രാന്‍ഡ് കാരവന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37ന് ഉനലക്ലീറ്റില്‍ നിന്ന് നോമിലേക്ക് പോകവെയാണ് അപകടത്തില്‍പ്പെട്ടത്. ഉച്ച കഴിഞ്ഞ് വിമാനത്തിന്റെ സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു.
അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജനുവരി 29ന് വാഷിങ്ടണിലും 31ന് ഫിലാഡല്‍ഫിയയിലും വിമാനാപകടങ്ങളുണ്ടായിരുന്നു. വാഷിങ്ടണില്‍ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേരും ഫിലാഡല്‍ഫിയയില്‍ ഏഴു പേരുമാണ് മരിച്ചത്.
Leave a Comment