കപ്പ് നേടാനല്ല, ഇന്ത്യയെ പരാജയപ്പെടുത്തുക മുഖ്യ ദൗത്യം : താരങ്ങളോട് പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം

ലണ്ടനിലെ ഓവലിൽ 2017 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പാകിസ്ഥാൻ വിജയിച്ചതിനുശേഷം ഇരു ടീമുകളും ആദ്യമായിട്ടാണ് പരസ്പരം ഏറ്റുമുട്ടുന്നത്

കറാച്ചി : ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ രാജ്യത്തിന്റെ ടീമിന്റെ യഥാർത്ഥ ദൗത്യം കിരീടം നേടുക മാത്രമല്ല അയൽക്കാരായ ഇന്ത്യയെ തോൽപ്പിക്കുക കൂടിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെള്ളിയാഴ്ച പറഞ്ഞു.

നമുക്ക് വളരെ മികച്ച ഒരു ടീമുണ്ട്, അവർ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, പക്ഷേ ഇപ്പോൾ യഥാർത്ഥ ദൗത്യം ചാമ്പ്യൻസ് ട്രോഫി നേടുക മാത്രമല്ല, ദുബായിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നമ്മുടെ ബദ്ധവൈരിയായ ഇന്ത്യയെ പരാജയപ്പെടുത്തുകയുമാണ്. രാജ്യം മുഴുവൻ ടീമിനൊപ്പം നിലകൊള്ളുന്നുവെന്ന് ലാഹോറിലെ നവീകരിച്ച ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ ഷെരീഫ് പറഞ്ഞു.

ഇതിനു പുറമെ ഏകദേശം 29 വർഷത്തിനുശേഷം ഒരു വലിയ ഐസിസി ടൂർണമെന്റ് സംഘടിപ്പിക്കുന്നത് പാകിസ്ഥാന് ഒരു വലിയ അവസരമാണ്. വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ നമ്മുടെ ടീം രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നത് തുടരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.

രാഷ്ട്രീയക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, പിസിബി പ്രതിനിധികൾ, ദേശീയ പുരുഷ ടീമിന്റെ മുഴുവൻ ചാമ്പ്യൻസ് ട്രോഫി സ്ക്വാഡും, പാകിസ്ഥാൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസി ഉടമകളും, മുൻ പിസിബി ചെയർമാൻമാരായ സാക്ക അഷ്‌റഫും നജാം സേഥിയും ഉൾപ്പെടെ നിരവധി പ്രമുഖർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 117 ദിവസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കിയതിന്റെ ആഘോഷ ചടങ്ങിൽ പിസിബി ടീമിന്റെ ജേഴ്‌സി സം പുറത്തിറക്കി. ഫെബ്രുവരി 19 ന് ന്യൂസിലൻഡിനെതിരെ പാകിസ്ഥാൻ കളിക്കും.

അതേ സമയം ഫെബ്രുവരി 23 ന് ദുബായിയിലാണ് ഇന്ത്യ-പാക് മത്സരം നടക്കുക. ലണ്ടനിലെ ഓവലിൽ 2017 ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പാകിസ്ഥാൻ വിജയിച്ചതിനുശേഷം ഇരു ടീമുകളും ആദ്യമായിട്ടാണ് പരസ്പരം ഏറ്റുമുട്ടുന്നത്. പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്. 1996 ന് ശേഷം ഇവിടെ നടക്കുന്ന ആദ്യ ഐസിസി ടൂർണമെന്റാണിത്.

എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ ടീമിനെ പശ്ചിമേഷ്യയിലേക്ക് യാത്ര ചെയ്യാൻ ബിസിസിഐ വിസമ്മതിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി ആഴ്ചകളോളം നീണ്ട ചർച്ചകൾക്ക് ശേഷം, ബിസിസിഐയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടക്കുന്ന തരത്തിലേക്ക് മാറ്റിയത്.

Share
Leave a Comment