റാഞ്ചി: വര്‍ഷങ്ങളായി കാണാതെയായ കുടുംബാംഗത്തെ പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയില്‍ കണ്ടെത്തി ജാര്‍ഖണ്ഡിലെ ഒരു കുടുംബം. 27 വര്‍ഷമായി കാണാതെപോയ ആളെയാണ് ബുധനാഴ്ച കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു. ഗംഗസാഗര്‍ യാദവ് എന്ന 65കാരനെയാണ് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഗംഗസാഗര്‍ ഇപ്പോള്‍ സന്യാസ ജീവിതം നയിച്ചുവരുകയാണ്. അഘോരി വിഭാഗത്തിലെ സന്യാസിയാണ് ബാബ രാജ്കുമാര് എന്നറിയപ്പെടുന്ന ഗംഗാസാഗര്‍.
Read Also: ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ മരണം: കൂട്ട ആത്മഹത്യയ്ക്ക് നീക്കം നടന്നുവെന്ന് സൂചന
വര്‍ഷങ്ങളായി പ്രതീക്ഷ നഷ്ടപ്പെട്ട കുടുംബത്തിന് കുംഭമേളക്കെത്തിയ ഒരു ബന്ധുവാണ് ആശ്വാസമായത്. കുംഭമേളയില്‍ ഗംഗസാഗറിനെ പോലെ കാണാന്‍ സാമ്യമുള്ള ഒരാളെ ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ ഫോട്ടോയെടുത്ത് കുടുംബത്തിന് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് അത് ഗംഗസാഗര്‍ തന്നെയാണെന്ന് തിരിച്ചറിയുകയും ഉടന്‍ തന്നെ ഭാര്യ ധന്വ ദേവിയും രണ്ട് ആണ്മക്കളും കൂടി കുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്ക് പുറപ്പെടുകയുമായിരുന്നുവെന്ന് ഗംഗസാഗറിന്റെ സഹോദരന് മുരളി യാദവ് പറഞ്ഞു.
തിരിച്ചറിഞ്ഞ് എത്തിയ കുടുംബത്തോട് താന്‍ വാരണാസിയില്‍ നിന്നുമുള്ള സന്യാസിയാണെന്നും പേര് ബാബ രാജ്കുമാര് എന്നുമാണെന്ന് അവകാശപെട്ടുകൊണ്ട് കഴിഞ്ഞുപോയ ജീവിതകാലത്തെ ഇയാള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ നീണ്ട പല്ലുകളും, നെറ്റിയില്‍ ഉള്ള മുറിവിന്റെ പാടും, മുട്ടിലെ തഴമ്പുമുള്ള ഇയാള്‍ ഗംഗാസാഗര്‍ തന്നെയാണെന്ന് കുടുംബം ഉറപ്പിച്ച് പറയുകയായിരുന്നു. സംഭവത്തെ കുറിച്ച് കുടുംബം കുംഭമേളയിലെ പൊലീസ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം കുംഭമേള കഴിയുന്നതുവരെ ഞങ്ങള്‍ ഇവിടെയുണ്ടാകും, ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തും. പരിശോധനയില്‍ ഫലം നെഗറ്റീവ് ആണെങ്കില്‍ ഞങ്ങള്‍ ബാബ രാജ്കുമാറിനോട് ക്ഷമാപണം നടത്തുമെന്നും കുടുംബം പറഞ്ഞു.
1998ല്‍ പട്നയിലേക്ക് പോകുംവഴിയാണ് ഗംഗസാഗറിനെ കാണാതെപോയത്. കുടുംബം ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ധന്വ ദേവിയാണ് ഗംഗസാഗറിന്റെ ഭാര്യ. കമലേഷ്, വിമലേഷ് ഇവരുടെ ആണ്മക്കളാണ്. ഗംഗാസാഗറിനെ തിരോധാനം കുടുംബത്തെയും കുട്ടികളെയും വല്ലാതെ ബാധിച്ചിരുന്നു. മൂത്ത മകന് 2 വയസ്സ് മാത്രം പ്രായമായിരുന്നു അന്നുണ്ടായിരുന്നത്.
Post Your Comments