
ന്യൂഡൽഹി: ബോളിവുഡിലെ ഹാസ്യനടൻ കപിൽ ശർമയ്‌ക്ക് വധഭീഷണി. കപിൽ ശർമയുടെ കുടുംബത്തിനും ബന്ധുക്കൾക്കും അയൽക്കാർക്കുമെതിരെ വധഭീഷണിയുണ്ടെന്ന് മുംബൈ പൊലീസ് പറഞ്ഞു.
പാകിസ്താനിൽ നിന്നാണ് ഭീഷണി സന്ദേശമടങ്ങുന്ന ഇമെയിൽ അയച്ചതെന്ന് പൊലീസ് കണ്ടെത്തി. ബിഷ്ണു’ എന്നയാളുടെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. എട്ട് മണിക്കൂറിനുള്ളിൽ മറുപടി വേണമെന്നും അല്ലാത്തപക്ഷവും വ്യക്തിപരമായും തൊഴിൽമേഖലയിലും ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.
“ഞങ്ങൾ നിങ്ങളുടെ സമീപകാല പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ്. അതീവ പ്രാധാന്യമുള്ള ഒരു കാര്യം ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല. ഈ സന്ദേശം അതീവ ഗൗരവത്തോടെയും രഹസ്യ സ്വഭാവത്തോടെയും കൈകാര്യം ചെയ്യുക,” -എന്നാണ് ഇമെയിൽ സന്ദേശത്തിൽ പറയുന്നത്.
‘സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3) പ്രകാരം അജ്ഞാതനായ ഒരാൾക്കെതിരെ അംബോലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ നടൻ രാജ്പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, സുഗന്ധ മിശ്ര തുടങ്ങിയ പ്രമുഖർക്കും സമീപകാലത്ത് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പ്രമുഖരുടെ പരാതികളിൽ രജിസ്റ്റർ ചെയ്‍ത കേസുകളിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments