ദുബായ്: രാജ്യത്തെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിടുന്ന രണ്ട് ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ദിനംപ്രതി നേരിടുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. പതിനാല് രാജ്യങ്ങളിൽ നിന്നുള്ള സൈബർ തീവ്രവാദ സംഘങ്ങളാണ് ഈ ആക്രമണങ്ങൾക്ക് പിറകിലെന്നും സൈബർ സെക്യൂരിറ്റി കൗൺസിൽ കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ ആക്രമണങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചതായും, ഓരോ ആക്രമണങ്ങളുടെയും പ്രഭവകേന്ദ്രങ്ങൾ, ആക്രമണരീതികൾ എന്നിവ കണിശമായ കൃത്യതയോടെ തിരിച്ചറിഞ്ഞതായും സൈബർ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആക്രമണങ്ങളിൽ മുപ്പത് ശതമാനത്തോളം സർക്കാർ മേഖലയെയും, ഏഴ് ശതമാനം സാമ്പത്തിക, ബാങ്കിങ് മേഖലകളെയും, ഏഴ് ശതമാനം വിദ്യാഭ്യാസ മേഖലയെയും ലക്ഷ്യമിട്ടുള്ളതാണെന്നും സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. ഇതിൽ നാല് ശതമാനം ആക്രമണങ്ങൾ ടെക്‌നോളജി, വ്യോമയാനം, ആരോഗ്യപരിചരണം എന്നീ മേഖലകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
Leave a Comment