KeralaLatest News

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത് ചർച്ച ചെയ്യണം : നിയമസഭയില്‍ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം

കൂത്താട്ടുകുളത്തെ അവിശ്വാസ പ്രമേയ പ്രക്രിയയ്ക്ക് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതാണ്

തിരുവനന്തപുരം : കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു.

കേരളത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പു നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് രണ്ടാഴ്ചയ്ക്കുശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തില്‍ പട്ടാപ്പകല്‍ സ്ത്രീകളെ പാര്‍ട്ടിക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് അനൂപ് ജേക്കബ്ബ് പറഞ്ഞു.

അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവ്വാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നില്‍ക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്. ഹണി റോസ് കേസില്‍ പോലീസ് ശര വേഗത്തില്‍ നടപടി സ്വീകരിച്ചു. എന്നാല്‍ ഈ കേസില്‍ മെല്ലെപ്പോക്കാണെന്നും അനൂപ് ജേക്കബ്ബ് ആരോപിച്ചു. കൂത്താട്ടുകുളത്തെ അവിശ്വാസ പ്രമേയ പ്രക്രിയയ്ക്ക് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതാണ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നൂറോളം പോലീസുകാര്‍ സുരക്ഷ നല്‍കാനെന്ന വ്യാജേന അവിടെ വന്നുനിന്നു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശക്തി സിപിഎമ്മിനില്ലേയെന്ന് അനൂപ് ചോദിച്ചു.

കൗണ്‍സിലറെ തട്ടിക്കൊണ്ടുപോകുന്ന വാഹനത്തിന് സുഖമായി കടന്നുപോകാനുള്ള സൗകര്യം പോലീസ് ഒരുക്കി. യുഡിഎഫ് പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാരെയും ആക്രമിക്കുന്നത് പോലീസ് നോക്കിനിന്നു. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് അവിടെ കണ്ടതെന്നും അനൂപ് ജേക്കബ് ആരോപിച്ചു.

സുരക്ഷ ഒരുക്കിയെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷത്തിനു അവകാശം ഉണ്ട്. അതേസമയം അടിയന്തര പ്രമേയ ആവശ്യം മുഖ്യമന്ത്രി തള്ളി. കല രാജുവിന് പരാതിയുണ്ട്. പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകും. സ്ത്രീകള്‍ക്ക് എതിരായ ആക്രമണം ഗൗരവമായി കാണും. പോലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കലാ രാജുവിനെ കണ്ടെത്തുകയും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. സ്ത്രീ സുരക്ഷയ്ക്ക് കേരളം മാതൃകയാണ്. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേ സമയം മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ എത്ര പഞ്ചായത്തില്‍ കാലുമാറ്റം ഉണ്ടായി. അവരെ ഒക്കെ തട്ടി കൊണ്ട് പോവുകയാണോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി ഏരിയാ സെക്രട്ടറിയാണ് ഒന്നാം പ്രതി. കാലു മാറ്റം എന്ന നിലയിലേക്ക് സംഭവത്തെ ലഘൂകരിക്കുന്നു. അഭിനവ ദുശ്ശാസനന്മാരായി ഭരണപക്ഷം മാറും. ഏഴ് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്. അതിനെ വെറും കാലുമാറ്റമായി മുഖ്യമന്ത്രി ലഘൂകരിച്ചുവെന്നും സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button