കൊച്ചി : സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗം പെരുമ്പാവൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് ബസുകള്‍ അലക്ഷ്യമായും അശ്രദ്ധമായും ഓടുന്നു എന്ന പരാതിയില്‍ വണ്ടി ഓടിച്ചവര്‍ക്കെതിരെ നടപടികള്‍ കൈക്കൊളളാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വൈറ്റില-വൈറ്റില സര്‍ക്കുലര്‍ ബസുകളുടെ റൂട്ട് തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
എറണാകുളം, മൂവാറ്റുപുഴ ആര്‍ ടി എ പരിധിയിലെ സ്റ്റേറ്റ് കാര്യേജുകളുടെ പെര്‍മിറ്റ് പുതുക്കല്‍, പെര്‍മിറ്റ് പുനക്രമീകരണം, പുതിയ പെര്‍മിറ്റ് അനുവദിക്കല്‍, പെര്‍മിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിച്ചു. ആകെ 150 അപേക്ഷകള്‍ ലഭിച്ചു. പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 35 അപേക്ഷകള്‍ പരിഗണിച്ചു.
ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനൂപ് വര്‍ക്കി, മൂവാറ്റുപുഴ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ കെ സുരേഷ് കുമാര്‍, എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എം ജേഴ്‌സണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments