ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയയിലെ വന്‍ വിമാന ദുരന്തത്തിന് കാരണക്കാരന്‍ ഒരു പക്ഷിയാണെന്ന് സംശയം

സിയോള്‍: ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയയിലെ വന്‍ വിമാന അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പ് റെക്കോര്‍ഡിംഗ് നിര്‍ത്തിയതായി ദക്ഷിണ കൊറിയയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സുകളുടെ റെക്കോര്‍ഡിംഗ് നിന്നുപോകാന്‍ കാരണമെന്താണെന്ന് കണ്ടെത്താനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബ്ലാക്ക് ബോക്‌സുകള്‍ യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

Read Also: വിനോദ യാത്രക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഡിസംബര്‍ 29 ന് ദക്ഷിണ കൊറിയയില്‍ തകര്‍ന്നു വീണ ബോയിംഗ് ജെറ്റിന്റെ രണ്ട് എഞ്ചിനുകളില്‍ നിന്ന് പക്ഷി തൂവലുകളും രക്തവും കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് തെക്കുപടിഞ്ഞാറന്‍ ദക്ഷിണ കൊറിയയിലെ മുവാന്‍ കൗണ്ടിയിലേക്ക് പുറപ്പെട്ട ജെജു എയര്‍ 7C2216 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഡിസംബര്‍ 29 ന് നടന്ന അപകടത്തില്‍ 179 പേര്‍ മരിച്ചു. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത എഞ്ചിനുകളില്‍ ഒന്നില്‍ തൂവലുകള്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷിയിടിച്ചതാകാം അപകട കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, വാര്‍ത്തയോട് പ്രതികരിക്കാന്‍ ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം വിസമ്മതിച്ചു.

വിമാനത്തിന്റെ പിന്നിലിരുന്ന ജീവനക്കാരനും യാത്രക്കാരനും മാത്രമാണ് രക്ഷപ്പെട്ടത്. ബാങ്കോങ്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി പൊട്ടിത്തെറിച്ചാണ് വന്‍ ദുരന്തമുണ്ടായത്. ബാങ്കോങ്കില്‍ നിന്ന് 175 യാത്രക്കാരും 6 ജീവനക്കാരുമായി എത്തിയ ജെജു എയര്‍ലൈന്‍സ് വിമാനമാണ് സിഗ്‌നല്‍ സംവിധാനത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. വലിയ സ്‌ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചതാണ് കനത്ത ആള്‍നാശത്തിന് കാരണമായത്.

 

 

 

 

Share
Leave a Comment