തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൂജാരിയായ ഗോപന്‍ സ്വാമിയെ മക്കള്‍ സമാധിപീഠത്തില്‍ അടക്കിയ സംഭവത്തില്‍ മക്കളുടെ മൊഴികളിലെ വൈരുധ്യം ദുരൂഹത വര്‍ധിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം സംഭവിച്ചതെന്നാണ് മക്കളുടെ മൊഴി.
READ ALSO; കാട്ടു തീ നിയന്ത്രണാതീതം: എന്തുചെയ്യണമെന്നറിയാതെ യു.എസ്
വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഗോപന്‍ സ്വാമി തന്റെ സമാധിപീഠം നേരത്തെ തയ്യാറാക്കിയിരുന്നതായി മക്കള്‍ പറയുന്നു. നേരത്തെ തയ്യാറാക്കിയ കോണ്‍ക്രീറ്റ് അറയ്ക്കുള്ളിലേക്ക് ഗോപന്‍ സ്വാമി സ്വയം നടന്നെത്തി ഇരുന്നതായും അവിടെവെച്ച് സമാധിയായെന്നുമാണ് ഇവരുടെ വാദം. അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് താന്‍ കണ്ടെന്നും ഇതിനുശേഷമാണ് കോണ്‍ക്രീറ്റ് പാളി ഉപയോഗിച്ച് സമാധിപീഠത്തിലെ അറ അടച്ചതെന്നും അതിനുമുമ്പായി അറയ്ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ചെന്നും മകന്‍ മൊഴി നൽകി.
നിലവില്‍ സമാധിപീഠം സ്ഥിതിചെയ്യുന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഗോപന്‍ സ്വാമി ഏതാനും നാളുകളായി കിടപ്പിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കിടപ്പിലായിരുന്നതിനാല്‍ ഗോപന്‍ സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാന്‍ കഴിയുമോ എന്ന സംശയം നാട്ടുകാർ ഉയർത്തുന്നു. ജീവനോടെയാണോ ഗോപന്‍ സ്വാമിയെ സമാധിപീഠത്തില്‍ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്.
Post Your Comments