KeralaLatest News

കണ്ണൂർ സ്കൂൾ ബസ് അപകടം : ഡ്രൈവറുടെ അശ്രദ്ധ ഗുരുതരം : അപകട സമയത്ത് ഡ്രൈവര്‍ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവ്

വളവില്‍വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായെന്നാണ് നിസാം നല്‍കിയ മൊഴി

കണ്ണൂര്‍: സ്‌കൂള്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ വീഴ്ചയും കാരണമായെന്ന് സംശയം. സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03-ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നു.

സ്‌കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ദൃശ്യമാണ് നിസാം സ്റ്റാറ്റസ് ഇട്ടത്. അതിലെ സമയം കാണിക്കുന്നത് വൈകുന്നേരം 4.03 ആണ്. അതേ സമയത്താണ് അപകടവും നടന്നത്. അതുകൊണ്ടുതന്നെ അപകടം നടക്കുമ്പോള്‍ ഇയാള്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നു എന്ന സംശയമാണ് ഉയരുന്നത്.

അതേസമയം അപകട സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ നിസാമുദ്ദീന്‍ പറയുന്നു. നേരത്തെ ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ആയതാകാമെന്നും ഇയാള്‍ പറഞ്ഞു.

വളവില്‍വെച്ച് ബസിന്റെ ബ്രേക്ക് നഷ്ടമായെന്നാണ് നിസാം നല്‍കിയ മൊഴി. ബസ്സിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ബ്രേക്കിന് ഉള്‍പ്പെടെ തകരാറുണ്ടെന്ന് സ്‌കൂള്‍ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നതാണെന്നും നിസാം വ്യക്തമാക്കുന്നു.

അവധിക്കാലം കഴിയുന്നതുവരെ ഈ ബസ് ഓടിക്കാം എന്നാണ് സ്‌കൂള്‍ അധികൃതര്‍ അന്ന് മറുപടി നല്‍കിയതെന്നും നിസാം പറയുന്നു. ഡ്രൈവറുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച്ചയാണെന്ന് ബസ് പരിശോധിച്ച ശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബ്രേക്ക് പിടിച്ചതിന്റെ പാടുകള്‍ റോഡിലുണ്ട്. പ്രത്യക്ഷത്തില്‍ ഡ്രൈവര്‍ ഓവര്‍ സ്പീഡായിരുന്നുവെന്നും അശാസ്ത്രീയമായ രീതിയിലാണ് ഡ്രൈവര്‍ വണ്ടി വളവില്‍വെച്ച് തിരിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ റിയാസ് വ്യക്തമാക്കിയിരുന്നു.

രേഖാപ്രകാരം സ്‌കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. ഡിസംബര്‍ 29-നാണ് കാലാവധി കഴിഞ്ഞത്. എന്നാല്‍ അത് ഏപ്രിലിലേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. 2011 മോഡല്‍ വണ്ടിയാണ് അപകടത്തില്‍ പെട്ടതെന്നും എം.വി.ഡി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്റെ ബസ്സാണ് ബുധനാഴ്ച വൈകുന്നേരം അപകടത്തില്‍പെട്ടത്. അപകടത്തിൽ ഒരു പെൺകുട്ടി പുറത്തേക്ക് തെറിച്ച് വീണ് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button